LiveTV

Live

Kerala

നടിയെ ആക്രമിച്ച സംഭവം; കേസുകളില്‍ അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന പ്രതി ദിലീപിന്റെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

 നടിയെ ആക്രമിച്ച സംഭവം; കേസുകളില്‍ അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് ഹൈക്കോടതി

കേസുകളില്‍ അന്വേഷണ ഏജന്‍സികളെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് ഹൈക്കോടതി നടിയെ അക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസ് നിലനില്‍ക്കില്ലെങ്കില്‍ റദ്ദാക്കാനല്ലേ ഹരജി നല്‍കേണ്ടതെന്നും കോടതി ചോദിച്ചു.

നടിയെ അക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതി നടൻ ദിലീപ് നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹരജി സിംഗിൾബെഞ്ച് തള്ളിയതിനെതിരെയാണ് ദിലീപ് അപ്പീൽ ഹരജി നൽകിയത്. പൊലീസ് അന്വേഷണം ദുരുദ്ദേശ്യപരമാണെന്നും മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നും തന്നെ പ്രതി ചേർത്തതെന്നുമായിരുന്നു ഹരജിയിലെ ആരോപണം.

എന്നാല്‍ വീഡിയോ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള ഹരജിയില്‍ സുപ്രീം കോടതി തീരുമാനത്തിന് ശേഷം ദിലീപിന് വേണമെങ്കിൽ വാദം കേൾക്കാൻ അപേക്ഷ നൽകാമെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. അന്വേഷണ ഏജൻസിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് വാദം കേൾക്കലിനിടെ കോടതി പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പ്രതികൾ തീരുമാനിക്കുന്ന സംഭവങ്ങളുണ്ട്. ഇത് അനുവദിക്കാനാവില്ല. ദിലീപ് സിനിമാനടനായതിനാലും അദ്ദേഹത്തിന്റെ സ്വഭാവവും കൊണ്ടാണ് മാധ്യമങ്ങൾ പിന്തുടരുന്നത്. ഇങ്ങനെയൊരു കേസിൽ ആരോപണ വിധേയനായാൽ പരസ്യമായി നടക്കാൻ എളുപ്പമാവില്ല.

കേസിലെ അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നുന്ന് ഹരജിക്കാരന്‍ വാദിക്കുന്നു. അങ്ങനെയെങ്കില്‍ കേസ് റദ്ദാക്കാൻ ഹരജി നൽകുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി.