LiveTV

Live

Kerala

പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം: തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

നവാസിന്റേത് തൂങ്ങിമരണമെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്

പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം: തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം മണര്‍കാട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ മരിച്ച യുവാവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ പലഭാഗത്തും ചതവുകളും മുറിവുകളുമുണ്ട്. ക്ഷതങ്ങൾ മരിക്കുന്നതിന് മുൻപുള്ള 24 മണിക്കൂറിനുള്ളിൽ ഉണ്ടായതാണെന്നും പോസ്റ്റ് മോര്‍ട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. നവാസിന്‍റെ കസ്റ്റഡിയില്‍ ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തി രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു.

നവാസിന്റേത് തൂങ്ങിമരണമെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഇടുപ്പിലും മുതുകിലും കൈകളിലും ചതവുകൾ ഏറ്റിട്ടുണ്ട്. പലയിടത്തും പോറലുകളും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ ക്ഷതങ്ങൾ പിടിവലിയിൽ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഒന്നിലധികം ഡോക്ടർമാർ ചേർന്നാണ് പോസ്റ്റുമോർട്ടം നടത്തിയത്. മെഡിക്കല്‍ ബോർഡ് തയ്യാറാക്കുന്ന അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്ഷതങ്ങളെ സംബന്ധിച്ച് വ്യക്തതയുണ്ടാകും.

നവാസിനെ കസ്റ്റഡിയിലെടുക്കും മുമ്പ് വീട്ടിൽ നാട്ടുകാരുമായി സംഘർഷം നടന്നതായി ഇന്നലെ എസ്.പി ഹരിശങ്കർ വ്യക്തമാക്കിയിരുന്നു. മദ്യപിച്ചെത്തിയ നവാസ് ഭാര്യയെയും അമ്മയെയും മർദ്ദിച്ചതായി ബന്ധു പറഞ്ഞിട്ടുണ്ട് . ഇതിനിടെ നവാസിനെ ശ്രദ്ധിക്കുന്നതിൽ പോലീസുകാർക്ക് വീഴ്ച്ച പറ്റിയെന്ന ഡി.വൈ.എസ്.പി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എ.എസ്‌.ഐ പ്രസാദ്, സിവിൽ പോലീസ് ഓഫീസർ സെബാസ്റ്റ്യൻ വർഗ്ഗീസ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.