LiveTV

Live

Kerala

ആളുമാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടു.

ആളുമാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

മഞ്ചേരി മെഡിക്കൽ കോളേജിൽ ആള് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. വിശദമായ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടു. കുട്ടിയ്ക്ക് സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

മൂക്കിലെ ശസ്ത്രക്രിയക്ക് പകരം, ഹെർണിയക്ക് വയറിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഗുരുതര വീഴ്ച ഉണ്ടായതായാണ് വിലയിരുത്തൽ. ഇന്നലെ തന്നെ വിശദമായ അന്വേഷണം നടത്തി തുടർനടപടികൾ കൈക്കൊള്ളുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറും സൂപ്രണ്ടിനോട്‌ വിശദീകരണം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും വിഷയത്തിൽ ഇടപെട്ടത്. സംഭവത്തിൽ ആരോപണ വിധേയനായ ഡോക്ടറെ സസ്പെൻഡ് ചെയ്തു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഉത്തരവിട്ടു.

ഇതിനിടെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഗുരുതര വീഴ്ച ഉണ്ടായതായി നിരീക്ഷിച്ച കമ്മിഷൻ, ഡോക്ടർമാർ ഉൾപ്പെടെ തിയറ്ററിൽ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും വിശദീകരണം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഉടൻ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം വിശദീകരണം നൽകണം. വിഷയത്തിൽ പ്രതിഷേധവുമായി വിവിധ യുവജന സംഘടനകൾ മെഡിക്കൽ കോളേജിൽ പ്രകടനം നടത്തി.

Also read: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആള് മാറി ശസ്ത്രക്രിയ