LiveTV

Live

Kerala

തുരുത്തിക്കരയില്‍ മരിച്ച വൃദ്ധയുടെ മൃതദേഹം ഇന്ന് സംസ്കരിച്ചേക്കും

കഴിഞ്ഞ ഒമ്പത് ദിവസമായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 തുരുത്തിക്കരയില്‍ മരിച്ച വൃദ്ധയുടെ മൃതദേഹം ഇന്ന് സംസ്കരിച്ചേക്കും

കൊല്ലം തുരുത്തിക്കരയില്‍ മരിച്ച ദളിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം ഇമ്മാനുവേല്‍ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചേക്കും. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇടവകയായ ജറുസലേം പള്ളി സെമിത്തേരിയില്‍ അന്നമ്മയുടെ മൃതദേഹം സംസ്കരിക്കേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ഒമ്പത് ദിവസമായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുരുത്തിക്കര ജറുസലേം മാർത്തോമ്മാ പള്ളി സെമിത്തേരിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ച അന്നമ്മയുടെ മൃതദേഹം അടക്കം ചെയ്യാനാകാതിരുന്നത്.

കഴിഞ്ഞ നാല് വർഷമായി ഉപയോഗിക്കുന്ന ഇമ്മാനുവേൽ പള്ളി സെമിത്തേരിയിൽ കല്ലറ ഒഴിവില്ലാത്തതിനാലും, പ്രദേശവാസികള്‍ പ്രതിഷേധിച്ചതിനാല്‍ ജറുസലേം പള്ളി സെമിത്തേരിയിലും അന്നമ്മയുടെ മൃതദേഹം സംസ്കരിക്കാനായില്ല.

ജറുലേം പള്ളി സെമിത്തേരിക്കടുത്തുള്ള ജലശ്രോതസുകള്‍ മലിനപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ബി.ജെ.പി നേതാവും പ്രദേശവാസികളിൽ ചിലരും നൽകിയ കേസ് വർഷങ്ങളായി കോടതിയിൽ നടക്കുകയാണ്. മൃതദേഹം സംസ്കരിക്കാനാകാതെ കുടുംബം പ്രതിസന്ധിയിലായതോടെയാണ് കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ സർവകക്ഷി യോഗം വിളിച്ചത്.

സെമിത്തേരിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന 2014ലെ നിര്‍ദേശം പാലിക്കാത്തതിനാല്‍ ജറുസലേം പള്ളി സെമിത്തേരിയില്‍ അന്നമ്മയുടെ മൃതദേഹം മറവുചെയ്യേണ്ടതില്ലെന്നാണ് സര്‍വകക്ഷിയോഗം തീരുമാനിച്ചത്. മറ്റൊരു സ്ഥലം കണ്ടെത്താമെന്ന് മാര്‍ത്തോമ്മാ സഭ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ നാല് വര്‍ഷമായി ഉപയോഗിക്കുന്ന ഇമ്മാനുവേല്‍ പള്ളിയില്‍ത്തന്നെ മൃതദേഹം സംസ്കരിക്കാനുള്ള നീക്കത്തിലാണ് അന്നമ്മയുടെ കുടുംബവും പള്ളിഭാരവാഹികളും. നിർമ്മാണപ്രവർത്തികൾ നടത്തി ജറുസലേം പള്ളി സെമിത്തേരിയിൽ ഇനിയുള്ള സംസ്കാരങ്ങള്‍ നടത്താമെന്ന സര്‍വകക്ഷിയോഗ തീരുമാനത്തെ തുടര്‍ന്നാണ് ഇമ്മാനുവേല്‍ പള്ളിയില്‍ത്തന്നെ മൃതദേഹം സംസ്കരിക്കുന്നത്.

എന്നാല്‍ ജറുസലേം പള്ളിയുടെ സെമിത്തേരി തുരുത്തിക്കരയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് പരാതിക്കാരുടെ നിലപാട്. ഇക്കാര്യം സര്‍വകക്ഷി യോഗത്തില്‍ അറിയിച്ച പരാതിക്കാര്‍ സെമിത്തേരിക്കെതിരെ സമരത്തിനൊരുങ്ങുകയാണ്.