LiveTV

Live

Kerala

ദലിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം എട്ടുദിവസമായിട്ടും സംസ്‌കരിക്കാനായില്ല

കഴിഞ്ഞ നാല് വര്‍ഷമായി ഉപയോഗിക്കുന്ന ഇമ്മാനുവേല്‍ പള്ളി സെമിത്തേരിയില്‍ കല്ലറ ഒഴിവില്ലാത്തതിനാലും, പ്രദേശവാസികള്‍ പ്രതിഷേധിച്ചതിനാല്‍ ജറുസലേം പള്ളി സെമിത്തേരിയിലും മൃതദേഹം സംസ്‌കരിക്കാനായില്ല

ദലിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം എട്ടുദിവസമായിട്ടും സംസ്‌കരിക്കാനായില്ല

കൊല്ലം തുരുത്തിക്കരയില്‍ മരിച്ച ദലിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം എട്ടുദിവസമായിട്ടും സംസ്‌കരിക്കാനായില്ല. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ രണ്ടു സെമിത്തേരികളിലും അല്ലാതെ മറ്റൊരിടത്ത് അന്നമ്മയെ അടക്കം ചെയ്യാന്‍ തീരുമാനമായി. എന്നാല്‍ തീരുമാനം മാര്‍ത്തോമാ സഭ അംഗീകരിച്ചെങ്കിലും എവിടെ സംസ്‌കരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്താനായിട്ടില്ല. സഭയെടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് അന്നമ്മയുടെ കുടുംബം പറഞ്ഞു.

തുരുത്തിക്കര ജറുസലേം മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ച അന്നമ്മയുടെ മൃതദേഹം എട്ടുദിവസമായിട്ടും അടക്കം ചെയ്യാനാകാതിരുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഉപയോഗിക്കുന്ന ഇമ്മാനുവേല്‍ പള്ളി സെമിത്തേരിയില്‍ കല്ലറ ഒഴിവില്ലാത്തതിനാലും, പ്രദേശവാസികള്‍ പ്രതിഷേധിച്ചതിനാല്‍ ജറുസലേം പള്ളി സെമിത്തേരിയിലും അന്നമ്മയുടെ മൃതദേഹം സംസ്‌കരിക്കാനായില്ല.

പ്രദേശത്തെ കുടിവെള്ളം മലിനപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ബി.ജെ.പി നേതാവും പ്രദേശവാസികളില്‍ ചിലരും നല്‍കിയ കേസ് വര്‍ഷങ്ങളായി കോടതിയില്‍ നടക്കുകയാണ്. മൃതദേഹം സംസ്‌കരിക്കാനാകാതെ കുടുംബം പ്രതിസന്ധിയിലായതോടെയാണ് ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചത്. എന്നാല്‍ മൃതദേഹം എവിടെ സംസ്‌കരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല.

ആവശ്യമായ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തി ജറുസലേം പള്ളി സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാമെന്ന് യോഗം തീരുമാനിച്ചു. എന്നാല്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.