LiveTV

Live

Kerala

ചീക്കോട് പഞ്ചായത്തിലെ കുടിവെള്ള പദ്ധതി സുരക്ഷിതമല്ലെന്ന് ആക്ഷേപം

വിഷം കലക്കുന്നതടക്കം വലിയ അട്ടിമറിക്ക് സാധ്യതയുണ്ടെന്നും അടിയന്തിര ഇടപെടൽ ഉണ്ടാവുമെന്നും എം.എൽ.എ

 ചീക്കോട് പഞ്ചായത്തിലെ കുടിവെള്ള പദ്ധതി സുരക്ഷിതമല്ലെന്ന് ആക്ഷേപം

മലപ്പുറം ചീക്കോട് പഞ്ചായത്തിലെ കുടിവെള്ള പദ്ധതി സുരക്ഷിതമല്ലെന്ന് ആക്ഷേപം. അട്ടിമറി ശ്രമം ഉണ്ടായാൽ വലിയ ദുരന്തം നേരിടേണ്ടി വരുമെന്നാണ് ആശങ്ക. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ടിവി ഇബ്രാഹിം എം.എൽ.എ പ്രതികരിച്ചു. നാൽപത്തയ്യായിരം കുടംബങ്ങൾ ആശ്രയിക്കുന്ന 150 കോടിയിലേറെ രൂപ മുടക്കി സ്ഥാപിച്ച ചീക്കോട് കുടിവെള്ള പദ്ധതിയാണ് യാതൊരു സുരക്ഷയുമില്ലാതെ വർഷങ്ങളായി പ്രവർത്തിക്കുന്നത്.

രണ്ട് ക്ലീനിംങ് സ്റ്റാഫും രണ്ട് ഓപ്പറേറ്റർമാരും മാത്രമാണ് ഇവിടെയുള്ളത്. വൈകിട്ടോടെ ഇവർ മടങ്ങിയാൽ പദ്ധതി പ്രദേശത്ത് സുരക്ഷക്കായി ആരുമില്ല. വിഷം കലക്കുന്നതടക്കം വലിയ അട്ടിമറിക്ക് സാധ്യതയുണ്ടെന്നും അടിയന്തിര ഇടപെടൽ ഉണ്ടാവുമെന്നും എം.എൽ.എ പറഞ്ഞു. രാത്രിയായാൽ സാമുഹ്യ വിരുദ്ധരുടെ താവളമാണ് പ്രദേശം. മദ്യ കുപ്പികളടക്കം പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്നത് പതിവാണന്ന് ജീവനക്കാർ പറയുന്നു