LiveTV

Live

Kerala

സിറോ മലബാര്‍ സഭ വ്യാജരേഖാ കേസ്; നിലപാട് കടുപ്പിച്ച് വൈദിക സമിതിയും എ.എം.ടിയും

അറസ്റ്റിലായ ആദിത്യനെ അനധികൃതമായാണ് കസ്റ്റഡിയിലെടുത്തതെന്നും വൈദികൻ ടോണി കല്ലൂക്കാരനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമിക്കുന്നതായും കൊച്ചിയിൽ ചേർന്ന യോഗം വിലയിരുത്തി. 

 സിറോ മലബാര്‍ സഭ വ്യാജരേഖാ കേസ്; നിലപാട് കടുപ്പിച്ച് വൈദിക സമിതിയും എ.എം.ടിയും

സീറോ മലബാര്‍ വ്യാജരേഖക്കേസില്‍ നിലപാട് കടുപ്പിച്ച് വൈദിക സമിതിയും എ.എം.ടിയും. അറസ്റ്റിലായ ആദിത്യനെ അനധികൃതമായാണ് കസ്റ്റഡിയിലെടുത്തതെന്നും വൈദികൻ ടോണി കല്ലൂക്കാരനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമിക്കുന്നതായും കൊച്ചിയിൽ ചേർന്ന യോഗം വിലയിരുത്തി. ഇതിനെതിരെ ജനകീയ പ്രക്ഷോഭമാരംഭിക്കാനും യോഗം തീരുമാനിച്ചു.

കോന്തുരുത്തി സ്വദേശി ആദിത്യയുടെ അറസ്റ്റിന് പിന്നാലെ ഫാ:ടോണി കല്ലൂക്കാരനെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിക്കുന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി എ.എം.ടിയും വൈദിക സമിതിയും രംഗത്ത് വന്നിരിക്കുന്നത്. ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ആദിത്യയെ 72 മണിക്കൂര്‍ അന്യായമായാണ് പൊലീസ് കസ്റ്റഡിയില്‍ വച്ചതെന്നും ഫാ: ടോണി കല്ലൂരിനെ പ്രതിയാക്കനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് യോഗം വിലയിരുത്തിയിരിക്കുന്നത്.

കര്‍ദ്ദിനാളിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വ്യാജരേഖകള്‍ ഉണ്ടാക്കിയിട്ടില്ലന്നും യഥാര്‍ഥ രേഖകളെ വ്യാജമാക്കി മാറ്റാനാണ് പൊലീസ് ശ്രമിക്കുന്നതെന്നുമാണ് സംയുക്ത യോഗത്തിന്റെ നിരീക്ഷണം. അതേസമയം മെയ് 31 വരെ റിമാന്‍ഡ് ചെയ്ത ആദിത്യക്ക് നിയമ സഹായം ഉറപ്പു വരുത്താനും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനും കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

കൊരട്ടി സാന്തോം പള്ളി വികാരി ടോണി കല്ലൂർ കാടന്റെ നിർദേശപ്രകാരമാണ് രേഖ നിര്‍മ്മിച്ചതെന്നാണ് അറസ്റ്റിലായ ആദിത്യ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വ്യാജരേഖ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ച കല്ലൂക്കാരന്‍ കേസില്‍ പ്രതിയാവില്ലന്ന് ആദിത്യക്ക് ഉറപ്പ് നല്‍കിയിരുന്നതായും പൊലീസ് പറയുന്നു. കല്ലൂക്കാരനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തില്‍ നിന്ന് ഇടവക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറിയെങ്കിലും ഇയാളെ ഇന്ന് അറസ്റ്റ് ചെയ്യാനുള്ള ത്രീവ്ര ശ്രമത്തിലാണ് പൊലീസ്. അതേ സമയം അറസ്റ്റ് മുന്നില്‍ കണ്ട് ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫാ. കല്ലൂക്കാരന്‍.