LiveTV

Live

Kerala

അധികാര തര്‍ക്കം രൂക്ഷം; നിലപാട് കടുപ്പിച്ച് പി.ജെ ജോസഫും ജോസ് കെ മാണിയും

സമവായ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കില്ലെന്ന് താൽകാലിക ചെയർമാൻ പി.ജെ ജോസഫ് വ്യക്തമാക്കിയത്.

അധികാര തര്‍ക്കം രൂക്ഷം; നിലപാട് കടുപ്പിച്ച് പി.ജെ ജോസഫും ജോസ് കെ മാണിയും

കേരള കോണ്‍ഗ്രസ് ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന കമ്മറ്റി വിളിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ പി.ജെ ജോസഫിനെ തള്ളി ജോസ് കെ മാണി. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ജോസ് കെ മാണി. ചെയര്‍മാന്‍റെ കാര്യത്തില്‍ സമവായമുണ്ടായാലും സംസ്ഥാന കമ്മിറ്റി വിളിക്കണം. എതിര്‍പ്പുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് തന്നെ നടത്തണം. പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

സമവായ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കില്ലെന്ന് താൽകാലിക ചെയർമാൻ പി.ജെ ജോസഫ് വ്യക്തമാക്കിയത്. ചെയർമാനെ സമവായത്തിലൂടെയാണ് കണ്ടെത്തേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. പി.ജെ ജോസഫ് ചെയർമാനും ജോസ് കെ മാണി വർക്കിങ് ചെയർമാനുമായുള്ള ഫോർമുല ആലോചനയിൽ ഉണ്ടെന്നും ജോസഫ് പറഞ്ഞു. പാർലമെന്ററി പാർട്ടി നേതാവ് മരിച്ചാൽ ഡെപ്യൂട്ടി ലീഡറെ പാർലമെന്ററി പാർട്ടി നേതൃസ്ഥാനം ഏൽപ്പിക്കണം എന്നാണ് ചട്ടം. ഇതുപ്രകാരം സി.എഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവാകുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.

എന്നാൽ പി.ജെ ജോസഫിനെ തള്ളി ജോസ് കെ മാണി വിഭാഗം രംഗത്തെത്തി. ചെയർമാനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന കമ്മറ്റി വിളിച്ചാണെന്നും വ്യക്തിപരമായ ബോധ്യത്തിലല്ലെന്നും റോഷി അഗസ്റ്റിൻ എം.എൽ.എ വാർത്താ കുറിപ്പിൽ തിരിച്ചടിച്ചു. പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കാനാണ് ചില കേന്ദ്രങ്ങളുടെ നീക്കം. ഇത് ആശാസ്യമല്ലെന്നും റോഷി അഗസ്റ്റിൻ വിമർശിച്ചു. അതേസമയം വിഷയത്തിൽ സമവായത്തിന് ശ്രമിച്ച സി.എഫ് തോമസ് ഇപ്പോൾ മൗനം പാലിക്കുകയാണ്.

പാർട്ടിക്കുള്ളിലെ തർക്കം പരസ്യ പോരിലേക്ക് നീങ്ങുന്നതിനിടെ കോട്ടയത്ത് നടന്ന കെ.എം മാണി അനുസ്മരണ സമ്മേളനത്തിൽ പി.ജെ ജോസഫും ജോസ് കെ മാണിയും വേദി പങ്കിട്ടു. അനുസ്മരണ പരിപാടി ആയിരുന്നെങ്കിലും ജോസ് കെ മാണിയെ ആരവത്തോടെ സ്വീകരിച്ചാണ് ഗ്രൂപ്പ് നേതാക്കൾ ശക്തി പ്രകടിപ്പിച്ചത്. ഉമ്മൻചാണ്ടി ഉൾപ്പെടെ വിവിധ രാഷ്ട്രീയ മുന്നണി നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ ഇരു വിഭാഗം നേതാക്കളും തർക്കങ്ങൾ പരാമർശിച്ചില്ല.