LiveTV

Live

Kerala

കെവിന്‍ കേസിലെ സാക്ഷിയെ മര്‍ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി

ആറാം പ്രതി മനു, 13ആം പ്രതി ഷിനു എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.

 കെവിന്‍ കേസിലെ സാക്ഷിയെ മര്‍ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി

കെവിന്‍ കൊലപാതക കേസില്‍ സാക്ഷിയെ മര്‍ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി. ആറാം പ്രതി മനു, 13ആം പ്രതി ഷിനു എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.

37ആം സാക്ഷി രാജേഷിനെയാണ് മർദിച്ചത്. കോടതിയിൽ മൊഴി നല്‍കാൻ പുറപ്പെട്ടപ്പോൾ പുനലൂരിൽ വെച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ പുനലൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി. തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്.

കെവിൻ വധക്കേസിലെ പ്രതികളായ ഫസൽ, ഷിനു, ഷെഫിൻ എന്നിവരുടെ സുഹൃത്താണ് കേസിലെ 37-ാം സാക്ഷിയായ രാജേഷ്. കേസിൽ ഒളിവിൽ കഴിയുന്നതിനിടെ 11-ാം പ്രതി ഫസിലും 13 പ്രതി റിയാസും രാജേഷിനെ കാണാനെത്തിയിരുന്നു. വീടാക്രമിച്ച് കെവിനെയും അനീഷിനെയും തട്ടികൊണ്ടു പോയ കാര്യം ഇവർ തന്നോട് പറഞ്ഞിരുന്നുവെന്ന് രാജേഷ് മൊഴി നല്കിയിരുന്നു. എന്നാൽ കോടതിയിൽ പ്രതികൾക്കനുകൂലമായി മൊഴി മാറ്റി പറയണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം. ജാമ്യത്തിലുള്ള ആറാം പ്രതി മനു മുരളീധരൻ, 13-ാം പ്രതി ഷിനു നാസർ എന്നിവർ പുനലൂർ മാർക്കറ്റിന് സമീപത്ത് വച്ചാണ് മർദിച്ചതെന്ന് രാജേഷ് കോടതിയിൽ മൊഴി നൽകി.

കെവിന് ജാതി സർട്ടിഫിക്കറ്റ് നൽകിയ തഹസിൽദാരും ഇന്ന് കോടതിയിൽ ഹാജരായി മൊഴി നൽകി. കെവിന്റേത് ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷൻ വാദത്തിന് ബലം നൽകുന്ന രേഖയുടെ ആധികാരികതയിലാണ് തഹസിൽദാർ വ്യക്തത നൽകിയത്.