LiveTV

Live

Kerala

മൂന്നംഗ സംഘമാണ് തന്നെ വെട്ടിയതെന്ന് നസീര്‍; പി ജയരാജന്റെ അറിവോടെയാണ് അക്രമമെന്ന് മുരളീധരന്‍

തന്നെ വെട്ടിയത് മൂന്നംഗ സംഘമാണെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീര്‍. മൂന്ന് പേരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും നസീര്‍ പൊലീസിന് മൊഴി നല്‍കി

മൂന്നംഗ സംഘമാണ് തന്നെ വെട്ടിയതെന്ന് നസീര്‍; പി ജയരാജന്റെ അറിവോടെയാണ് അക്രമമെന്ന് മുരളീധരന്‍

തന്നെ വെട്ടിയത് മൂന്നംഗ സംഘമാണെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീര്‍. മൂന്ന് പേരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും നസീര്‍ പൊലീസിന് മൊഴി നല്‍കി. അക്രമം പി.ജയരാജന്റെ അറിവോടെയാണെന്ന് കെ.മുരളീധരന്‍ ആരോപിച്ചു.

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് സി.ഒ.ടി നസീര്‍ പൊലീസിന് മൊഴി നല്‍കി. മൂന്ന് പേരെയും കണ്ടാല്‍ തിരിച്ചറിയാനാകും. എന്നാല്‍ ഇവരെ നേരത്തെ പരിചയമില്ലെന്നുമാണ് നസീര്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് തലശേരി ഡി.വൈ.എസ്പി പറഞ്ഞു. എന്നാല്‍ പ്രതികളെ കുറിച്ചുള്ള സൂചനകളൊന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. നസീറിന് നേരെയുള്ള അക്രമം പി ജയരാജന്റെ അറിവോടെയാണെന്ന് കെ മുരളീധരന്‍ ആരോപിച്ചു.

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ് പറഞ്ഞു. കാലിനും കൈക്കും പൊട്ടലുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നസീര്‍. ഇന്നലെ രാത്രി ഏഴ് മണിക്ക് തലശ്ശേരി പുതിയ ബസ് സ്റ്റാന്റിന് സമീപം കയ്യാത്ത് റോഡില്‍ വെച്ചാണ് വെട്ടേറ്റത്. ലോക്കല്‍ കമ്മിറ്റി അംഗവും തലശേരി നഗരസഭാ മുന്‍ കൌണ്‍സിലറുമായിരുന്നു നസീര്‍.