LiveTV

Live

Kerala

സി ദിവാകരന് വി.എസിന്റെ മറുപടി; ആരോപണം ഉന്നയിക്കുന്നവര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നു 

ഭരണപരിഷ്കാര കമ്മീഷന്‍ പരാജയമാണെന്ന സി.ദിവാകരന്റെ പ്രസ്താവനക്കെതിരെ വി.എസ് അച്യുതാനന്ദന്‍.

സി  ദിവാകരന് വി.എസിന്റെ മറുപടി; ആരോപണം ഉന്നയിക്കുന്നവര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നു 

ഭരണപരിഷ്കാര കമ്മീഷന്‍ പരാജയമാണെന്ന സി.ദിവാകരന്റെ പ്രസ്താവനക്കെതിരെ വി.എസ് അച്യുതാനന്ദന്‍. ആരോപണം ഉന്നയിക്കുന്നവര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. ഘടകകക്ഷികളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാകില്ല. ഭരണപരിഷ്കാര കമ്മീഷന്‍ മൂന്ന് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്നും വി.എസ് ഫേസ്ബുക്കില്‍ കുറിച്ചു. സി ദിവാകരന്റെ പേര് എടുത്തു പറയാതെയായിരുന്നു വിഎസിന്റെ മറുപടി.

വി.എസ് സർക്കാറിന്‍റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് അനാവശ്യമായി ഫയലുകൾ പിടിച്ചുവെക്കാറുണ്ടായിരുന്നുവെന്നും വി.എസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ എന്താണ് ചെയ്യുന്നതെന്നുമായിരുന്നു കഴിഞ്ഞ ദിവസം സി ദിവാകരൻ ചോദിച്ചത്. വി.എസ് സർക്കാറിന്‍റെ കാലത്ത് ധനമന്ത്രിയിൽ നിന്നും സി.പി.ഐ മന്ത്രിമാർക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നും ദിവാകരന്‍ വിമർശിച്ചിരുന്നു.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം;

പാര്‍ലമെണ്ടറി രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എം.എല്‍.എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണ്. ഭരണ പരിഷ്കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.

ഭരണ പരിഷ്കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്‍റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ല. എന്നാല്‍, ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാ വിഷയങ്ങള്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റുമില്ല.