LiveTV

Live

Kerala

ക്യൂവില്‍ നിന്ന വോട്ടര്‍മാരോട് വോട്ടു ചോദിച്ചു; രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി 

അതേസമയം പോളിങ് ബൂത്തില്‍ വോട്ടഭ്യര്‍‌ഥിച്ചു എന്ന് തെളിഞ്ഞാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ക്യൂവില്‍ നിന്ന വോട്ടര്‍മാരോട് വോട്ടു ചോദിച്ചു; രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി 

കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ എല്‍.ഡി.എഫിന്റെ പരാതി. പിലാത്തറയിലെ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നിന്നവരോട് രാജ്മോഹന്‍ ഉണ്ണിത്താന്‍ വോട്ട് ചോദിച്ചെന്നാണ് എല്‍.ഡി.എഫിന്റെ പരാതിയില്‍ പറയുന്നത്. എല്‍.ഡി.എഫ് ഇതുസംബന്ധിച്ച് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി. അതേസമയം പരാതി പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

അതേസമയം പോളിങ് ബൂത്തില്‍ വോട്ടഭ്യര്‍‌ഥിച്ചു എന്ന് തെളിഞ്ഞാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 23ന് ഞാനാണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ പാര്‍ലമെന്റ് അംഗത്വം രാജിവെച്ചിരിക്കും. തിരിച്ച് ആരോപണം അടിസ്ഥാന രഹിതമാണെങ്കില്‍ എതിര്‍ സ്ഥാനാര്‍ത്ഥി പൊതുജീവിതം അവസാനിപ്പിക്കാന്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

പുതിയങ്ങാടിയിലെ ബൂത്തുകളില്‍ ടി.വി രാജേഷ് എംഎല്‍എ അനധികൃതമായി പ്രവേശിച്ചുവെന്നും രാജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

കള്ളവോട്ട് സ്ഥിരീകരിച്ച കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീപോളിങ് പുരോഗമിക്കുകയാണ് . ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത് . 9 മണി വരെ 17 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.