LiveTV

Live

Kerala

ഇനി സ്കൂൾ വിദ്യാഭ്യാസം ഒരു കുടക്കീഴിൽ; ലയനം ഒരു വർഷം കൊണ്ട് പൂർത്തിയാക്കും 

ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഒരു സംവിധാനത്തിന് കീഴിലാക്കണമെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി അധ്യാപക സംഘടനകളുമായുള്ള ചർച്ച നാളെ നടക്കും.

ഇനി സ്കൂൾ വിദ്യാഭ്യാസം ഒരു കുടക്കീഴിൽ; ലയനം ഒരു വർഷം കൊണ്ട് പൂർത്തിയാക്കും 

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ഒരു കുടക്കീഴിലാക്കുന്ന നടപടികളിലേക്ക് സർക്കാർ കടന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഒരു സംവിധാനത്തിന് കീഴിലാക്കണമെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി അധ്യാപക സംഘടനകളുമായുള്ള ചർച്ച നാളെ നടക്കും.

സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയമിച്ച ഡോ.എം.എ. ഖാദർ കമ്മിറ്റി സമഗ്ര മാറ്റത്തിനാണ് ശിപാർശ ചെയ്തിട്ടുള്ളത്. നിലവിലുള്ള ഡിപിഐ ,ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകളാണ് ലയിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് അഥവാ ഡി.ജി.ഇ ആയി മാറുക.

നിലവിലുള്ള എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഭവനുകൾ ലയിപ്പിച്ച് പുതിയ സംവിധാനത്തിൽ ബോർഡ് ഓഫ് സ്കൂൾ എക്സാമിനേഷൻസ് എന്ന പേരിൽ ഒരു ബോർഡായി മാറും. പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടറാവും മേധാവി. ഒന്ന് മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകളിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സ്കൂൾ പ്രിൻസിപ്പലും ഹെഡ് മാസ്റ്റ‌ർ വൈസ് പ്രിൻസിപ്പലുമാവും.

ഹയർ സെക്കൻഡറി വിഭാഗം ഇല്ലാത്ത സ്കൂളുകളിലും എൽ.പി- യു.പി, സ്കൂളുകളിലും ഹെഡ്മാസ്റ്റർ തസ്തിക തൽക്കാലം തുടരും. ഇതും പ്രിൻസിപ്പൽ തസ്തികയാക്കി മാറ്റണമെന്നാണ് ഡോ.എം.എ.ഖാദർ കമ്മിഷന്റെ ശുപാ‌ർശ. നാളെ വൈകിട്ടാണ് അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ചർച്ച നടത്തുന്നത്.