LiveTV

Live

Kerala

തുരുത്തിക്കരയില്‍ മരിച്ച അന്നമ്മയുടെ മൃതദേഹം ആറുദിവസമായിട്ടും സംസ്കരിക്കാനായില്ല

മൃതദേഹം ഏവിടെ മറവ് ചെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

 തുരുത്തിക്കരയില്‍ മരിച്ച അന്നമ്മയുടെ മൃതദേഹം ആറുദിവസമായിട്ടും സംസ്കരിക്കാനായില്ല

കൊല്ലം തുരുത്തിക്കരയില്‍ മരിച്ച അന്നമ്മയുടെ മൃതദേഹം ആറുദിവസമായിട്ടും സംസ്കരിക്കാനായില്ല. മൃതദേഹം ഏവിടെ മറവ് ചെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ജില്ലാഭരണകൂടത്തിന്റെ നിലപാടും തിരിച്ചടിയായതോടെ പഴയ സെമിത്തേരിയില്‍ തന്നെ അന്നമ്മയുടെ മൃതദേഹം സംസ്കരിച്ചേക്കും.

ജലസ്രോതസുകള്‍ മലിനപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി തുരുത്തിക്കരയിലെ പ്രാദേശിക ബി.ജെ.പി നേതാക്കള്‍ കോടതിയെ സമീപിച്ചതിനാല്‍ ജറുസലേം മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ കഴിഞ്ഞ 4 വര്‍ഷമായി മൃതദേഹങ്ങള്‍ സംസ്കരിക്കാറില്ല. തുരുത്തിക്കരയില്‍ തന്നെയുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയാണ് ഈ ഇടവകാംഗങ്ങളും ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇമ്മാനുവേല്‍ പള്ളി സെമിത്തേരിയില്‍ കല്ലറ ഒഴിവില്ലാത്തതിനാല്‍ അന്നമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത് പ്രതിസന്ധിയിലായി.

ജറുസലേം പള്ളിയുടെ സെമിത്തേരിയില്‍ സംസ്കരിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ പ്രദേശവാസികളില്‍ ചിലരും ബി.ജെ.പിയും പ്രതിഷേധവുമായെത്തി. സംഭവത്തില്‍ ജില്ലാഭരണകൂടം ഇടപെട്ടെങ്കിലും ഈ സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാനാകില്ലെന്ന് നിലപാടെടുത്തു. ചുറ്റുമതില്‍ കെട്ടിയും കോണ്‍ക്രീറ്റ് കല്ലറകള്‍ നിര്‍മ്മിച്ചും സെമിത്തേരി പുനരുദ്ധരിപ്പിക്കണമെന്ന 2014ലെ കലക്ടറുടെ നിര്‍ദേശം പാലിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചത്. കഴിഞ്ഞ 4 വര്‍ഷമായി സംസ്കാരം നടത്തുന്ന ഇമ്മാനുവേല്‍ പള്ളി സെമിത്തേരിയില്‍ മൃതദേഹം മറവുചെയ്യണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. കലക്ടറുടെ നിര്‍ദ്ദേശം പാലിക്കണമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മയും പറഞ്ഞതോടെ എന്തുചെയ്യണമെന്ന ആശങ്കയിലാണ് അന്നമ്മയുടെ കുടുംബം.

മരണം സംഭവിച്ച് ആറുദിവസമായതോടെ സംസ്കാരം എത്രയും പെട്ടെന്ന് നടത്തണമെന്ന് ബന്ധുക്കള്‍ പറയുന്നു. ജില്ലാഭരണകൂടവും കൈ മലര്‍ത്തിയതോടെ ഇമ്മാനുവേല്‍ പള്ളിയില്‍ തന്നെ മൃതദേഹം സംസ്കരിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഇതിനായി പള്ളിഭാരവാഹികളുമായി ഇന്ന് ചര്‍ച്ച നടത്തും.