LiveTV

Live

Kerala

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; പൊലീസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

 പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; പൊലീസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് ഇതുവരെ പൊലീസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

പോസ്റ്റല്‍ ബാലറ്റ് തിരിമറി സംബന്ധിച്ച് സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ക്രമക്കേട് സംബന്ധിച്ചോ ബാലറ്റ് പേപ്പർ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും കൈക്കലാക്കിയെന്നത് സംബന്ധിച്ചോ തെരഞ്ഞെടുപ്പ് ജോലിയിലുണ്ടായിരുന്ന പൊലീസുകാരിൽ നിന്ന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. മാധ്യമ വാര്‍ത്തകളുടെയും മറ്റു ചില പരാതികളുടേയും അടിസ്ഥാനത്തില്‍ ആരോപണങ്ങളുടെ വസ്തുത തേടി 2019 മെയ് 6ന് ഡി.ജി.പിക്കു കത്തെഴുതി.സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയാക്കാൻ 15 ദിവസം കൂടി ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ ഇടക്കാല റിപ്പോർട്ട് നൽകുകയും ചെയ്തു. ഫലപ്രഖ്യാപനത്തിന് ശേഷം ട്രൈബ്യൂണലില്‍ ഹരജി നല്‍കാവുന്നതാണ്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ ഫലം പ്രഖ്യാപിക്കുന്നതു വരെയുള്ള പ്രക്രിയയില്‍ ഹൈകോടതികള്‍ ഇടപെടരുതെന്ന് സുപ്രിംകോടതി ഉത്തരവ് നിലവിലുണ്ട്. ഈ പശ്ചാത്തലത്തില്‍ ചെന്നിത്തലയുടെ ഹരജി തള്ളണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. തപാല്‍ ബാലറ്റ് വിതരണം സംബന്ധിച്ച് 2014ല്‍ കമ്മീഷന്‍ കൊണ്ടുവന്ന സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയിറക്കിയ സര്‍ക്കുലര്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരമുള്ളതാണെന്നും ക്രമക്കേട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഊർജ്ജിതമായ അന്വേഷണം നടക്കുന്നതായും വിശദീകരണത്തിൽ പറയുന്നു.