LiveTV

Live

Kerala

തുരുത്തിക്കരയില്‍ മരിച്ച വൃദ്ധയുടെ മൃതദേഹം ആറ് ദിവസമായിട്ടും സംസ്കരിക്കാനായില്ല

വനിതാ കമ്മീഷൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി. 

 തുരുത്തിക്കരയില്‍ മരിച്ച  വൃദ്ധയുടെ മൃതദേഹം ആറ് ദിവസമായിട്ടും സംസ്കരിക്കാനായില്ല

കൊല്ലം തുരുത്തിക്കരയിൽ മരിച്ച ദളിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം അഞ്ചു ദിവസമായിട്ടും സംസ്കരിക്കാനായില്ല. പ്രദേശത്തെ ജലസ്രോതസുകൾ മലിനപ്പെടുന്നുവെന്ന പരാതിയെത്തുടർന്നാണ് പളളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കാന്‍ കോടതി വിലക്കേര്‍പ്പെടുത്തിയത്. ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

തുരുത്തിക്കര ജെറുസലേം മാർത്തോമാ പള്ളി ഇടവകാംഗമായ അന്നമ്മ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണപ്പെട്ടത്. ജലസ്രോതസ് മലിനപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ബി.ജെ.പി നേതാവും പ്രദേശവാസികളും കേസ് നൽകിയതിനാൽ ഇടവകപ്പള്ളി സെമിത്തേരിയിൽ കഴിഞ്ഞ നാലുവർഷമായി മൃതദേഹങ്ങൾ സംസ്കരിക്കാറില്ല. തുരുത്തിക്കരയിൽ തന്നെയുള്ള മാർത്തോമ്മാ സഭയുടെ മറ്റൊരു പള്ളിയുടെ സെമിത്തേരിയിലായിരുന്നു മൃതദേഹം മറവു ചെയ്തിരുന്നത്.

എന്നാൽ ഇപ്പോൾ ഇവിടെയും സംസ്കരിക്കാൻ അനുവദിക്കാതെ വന്നതോടെ അന്നമ്മയുടെ കുടുംബം പ്രതിസന്ധിയിലായി. അടക്കാൻ ആറടിമണ്ണ് ലഭിക്കാത്തതിനാൽ മൃതദേഹം അഞ്ചുദിവസമായി ശാസ്താംകോട്ട ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജലസ്രോതസുകളിൽ നിന്നും സെമിത്തേരി കൃത്യമായ ദൂരപരിധി പാലിക്കുന്നുണ്ടെന്നും ജലം മലിപ്പെടുന്നില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മൃതദേഹം സംസ്കരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മീഡിയവണിനോട് പറഞ്ഞു. വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കലക്ടര്‍ റോഡ് റിപ്പോർട്ട് തേടിയിട്ടുണ്ട്.