LiveTV

Live

Kerala

ദലിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ അനിശ്ചിതത്വം

ദലിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ അനിശ്ചിതത്വം

കൊല്ലം തുരുത്തിക്കരയില്‍ ദലിത് വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. 2014ലെ കലക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കൊല്ലറ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാനാകില്ലെന്ന് ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്‍ പറഞ്ഞു. മൃതദേഹം അടിയന്തരമായി പഴയ സെമിത്തേരിയില്‍ മറവുചെയ്യണമെന്നാണ് കലക്ടറുടെ നിര്‍ദേശം. കലക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ആവശ്യപ്പെട്ടു.

തുരുത്തിക്കര ജെറുസലേം മാര്‍ത്തോമാ പള്ളി ഇടവകാംഗമായ അന്നമ്മ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണപ്പെട്ടത്. ജലസ്രോതസ് മലിനപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ബി.ജെ.പി നേതാവും പ്രദേശവാസികളും കേസ് നല്‍കിയതിനാല്‍ ഇടവകപ്പള്ളി സെമിത്തേരിയില്‍ കഴിഞ്ഞ നാലുവര്‍ഷമായി മൃതദേഹങ്ങള്‍ സംസ്‌കരിക്കാറില്ല. തുരുത്തിക്കരയില്‍ തന്നെയുള്ള മാര്‍ത്തോമ്മാ സഭയുടെ മറ്റൊരു പള്ളിയുടെ സെമിത്തേരിയിലായിരുന്നു മൃതദേഹം മറവുചെയ്തിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇവിടെയും സംസ്‌കരിക്കാന്‍ അനുവദിക്കാതെ വന്നതോടെയാണ് അന്നമ്മയുടെ കുടുംബം പ്രതിസന്ധിയിലായത്. കോടതി ഉത്തരവിനെ തുടര്‍ന്ന് 2014 ല്‍ കൊല്ലം ജില്ലാ കലക്ടര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാതെ ജറുസലേം പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

ചുറ്റുമതില്‍ നിര്‍മ്മിക്കണമെന്നും കോണ്‍ക്രീറ്റ് കല്ലറകള്‍ നിര്‍മിക്കണമെന്നായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍. ഇത് പാലിക്കാത്തതിനാല്‍ മുന്‍കാലങ്ങളിലേത് പോലെ തുരുത്തിക്കര ഇമ്മാനുവല്‍ മര്‍ത്തോമ പള്ളി സെമിത്തേരിയില്‍ അന്നമ്മയുടെ മൃതദേഹം ഉടന്‍ മറവു ചെയ്യണമെന്നും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കളക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞു. എന്നാല്‍ ഇമ്മാനുവേല്‍ പള്ളി സെമിത്തെറിയില്‍ കല്ലറ ഒഴിവില്ലെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. ഇടവക പള്ളിയില്‍ തന്നെ അന്നമ്മയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.