LiveTV

Live

Kerala

പോസ്റ്റല്‍ ബാലറ്റ് വിവാദം: നാല് പൊലീസുകാര്‍ പരാതി നല്‍കി

വകുപ്പ് തല നടപടി നീട്ടി കൊണ്ട് പോകുന്നതിനാണ് പൊലീസുകാര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയതായാണ് വിവരം

പോസ്റ്റല്‍ ബാലറ്റ് വിവാദം: നാല് പൊലീസുകാര്‍ പരാതി നല്‍കി

പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ പരാതിയുമായി പൊലീസുകാര്‍. വോട്ടവകാശം നിഷേധിക്കപ്പെട്ടെന്ന് കാണിച്ച് നാല് പൊലീസുകാര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. പരാതി ഡി.ജി.പിക്ക് കൈമാറി. പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട് സംബന്ധിച്ച് പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ പറഞ്ഞു

ഐ.ആര്‍ ബറ്റാലിയനിലെ പൊലീസുകാരായ മണിക്കുട്ടന്‍, അരുണ്‍, രതീഷ്, രാജേഷ് എന്നിവരാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളില്‍ തങ്ങള്‍ ഡ്യൂട്ടിയിലായിരുന്നു. ഇതിനാല്‍ വട്ടപ്പാറ സ്വദേശിയായ പൊലീസുകാരന്‍റെ വിലാസത്തിലാണ് ബാലറ്റിന് അപേക്ഷിച്ചത്.

കള്ളബാലറ്റെന്ന വാര്‍ത്തകള്‍ വന്നതോടെ ഈ ബാലറ്റുകള്‍ തിരിച്ചയച്ചതായി പരാതിയില്‍ പറയുന്നു. അതിനാല്‍ വോട്ട് ചെയ്യാനായില്ലെന്നും പൌരനുളള അവകാശം നിഷേധിക്കപ്പെട്ടതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഈ പരാതിയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡി.ജി.പി.ക്ക് കൈമാറി. നാല് പേരും പോസ്റ്റല്‍ ബാലറ്റ് വിവാദവുാമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കുന്നവരാണ്.

ഇവരുടെ മൊഴി ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വകുപ്പ്തല നടപടി നീട്ടി കൊണ്ട് പോകുന്നതിനാണ് പൊലീസുകാര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയതായാണ് വിവരം. അതേസമയം പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിലെ പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും അന്തിമ റിപ്പോര്‍ട്ടിനായി കാക്കുകയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ പറഞ്ഞു.