LiveTV

Live

Kerala

വയനാട് തൊവരിമല ഭൂസമരം; സമരക്കാരുമായി ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

വയനാട് തൊവരിമല ഭൂസമരം; സമരക്കാരുമായി ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

വയനാട്ടിലെ തൊവരിമല ഭൂസമരക്കാരുമായി ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഭൂ രഹിതരായ ആദിവാസികളുടെ പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന സര്‍ക്കാര്‍ ഉറപ്പിന്‍ മേല്‍ മാത്രം സമരം അവസാനിപ്പിക്കാനാവില്ലെന്ന് സമരസമിതി വ്യക്തമാക്കി. കലക്ട്രേറ്റ് പടിക്കലെ റിലേ നിരാഹാരസമരം ഒരാഴ്ച പിന്നിട്ട ശേഷവും തുടരുകയാണ്. റവന്യൂ വകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് കലക്ട്രേറ്റു പടിക്കലെ ഭൂ സമരക്കാരെ വയനാട് ജില്ലാ കലക്ടര്‍ ചര്‍ച്ചക്ക് വിളിച്ചത്. സമരത്തിനെത്തിയ 3 കുടുംബങ്ങളും സമരനേതാക്കളായ 2 പേരും കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. ഈ മാസം 29 ന് റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന കലക്ടര്‍മാരുടെ യോഗത്തില്‍ വയനാട്ടിലെ ഭൂരഹിതരായ ആദിവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും അതിനാല്‍ സമരം അവസാനിപ്പിക്കണമെന്നുമാണ് കലക്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജയിലില്‍ കഴിയുന്ന സമരനേതാക്കളെ വിട്ടയക്കാതെ സമരം അവസാനിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് സമരസമിതി.

ഭൂസമരസമിതി കലക്ട്രേറ്റ് പടിക്കല്‍ ഒരാഴ്ച മുന്‍പ് ആരംഭിച്ച റിലേ നിരാഹാര സമരം ഇപ്പോഴും തുടരുകയാണ്. അതേസമയം നേരത്തെ തീരുമാനിച്ച പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരമിരുന്ന സമരസമിതി നേതാവ് എം.വി കുഞ്ഞിക്കണാരന്‍ കഴിഞ്ഞ ദിവസം നിരാഹാരം അവസാനിപ്പിച്ചിരുന്നു.