LiveTV

Live

Kerala

സംസ്ഥാനത്തെ മൂന്നാമത്തെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇനി തൃശൂരില്‍ 

സംസ്ഥാനത്തെ മൂന്നാമത്തെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇനി തൃശൂരില്‍ 

സംസ്ഥാനത്തെ മൂന്നാമത്തെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി. സി.ഐ ഉള്‍പ്പെടെ സൈബര്‍ ക്രൈമുകള്‍ അന്വേഷിക്കുന്നതില്‍ വിദഗ്ധ പരിശീലനം ലഭിച്ച പതിനേഴ് പൊലീസ് ഉദ്യോഗസ്ഥരാണ് സ്റ്റേഷനിലുള്ളത്.

തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ സൈബര്‍ ക്രൈം സംബന്ധമായ കേസുകളാണ് തൃശൂര്‍ സ്റ്റേഷനില്‍ കൈകാര്യം ചെയ്യുക. ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളുമായ ബന്ധപ്പെട്ട കേസുകളും ഓണ്‍ലൈന്‍ തട്ടിപ്പുകളും വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് സൈബര്‍ ക്രൈം മാത്രം കൈകാര്യം ചെയ്യാനായി പ്രത്യേക പൊലീസ് സ്റ്റേഷനുകള്‍ തുടങ്ങിയത്. പൊലീസ് വിഭാഗത്തിന്റെ നാല് റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ചാണ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നേരത്തെ സ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങി, കോഴിക്കോട് ഉടന്‍ തുടങ്ങും. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സി ശിവപ്രസാദിനാണ് തൃശൂര്‍ സ്റ്റേഷന്റെ ചുമതല. റേഞ്ച് ഐ.ജിമാരുടെ നിര്‍ദേശ പ്രകാരമായിരിക്കും കേസുകള്‍ ഏറ്റെടുക്കുക. ആധുനിക സൌകര്യങ്ങള്‍ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈദരബാദിലുള്‍പ്പെടെയുള്ള രാജ്യത്തെ മികച്ച സൈബര്‍ കുറ്റാന്വേഷണ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം ലഭിച്ചവരാണ് ഡ്യൂട്ടിയിലുള്ളത്.