LiveTV

Live

Kerala

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; നാല് പൊലീസുകാരെ തിരിച്ചു വിളിച്ചു

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; നാല് പൊലീസുകാരെ തിരിച്ചു വിളിച്ചു

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരോട് സംസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. കേസില്‍ മൊഴി എടുക്കുന്നതിന്‍റെ ഭാഗമായാണ് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബാലറ്റ് സമാഹരിക്കാന്‍ ആഹ്വാനം ചെയ്ത മണിക്കുട്ടന്‍ അടക്കമുളളവരെയാണ് തിരിച്ച് വിളിച്ചത്.

അതിനിടെ പൊലിസിലെ പോസ്റ്റൽ വോട്ട് ആരോപണത്തിൽ സ്വതന്ത്ര കമീഷൻ അന്വേഷണം നടത്തണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസുകാരോടാണ് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം ആംഡ് ബറ്റാലിയന്‍ എ.ഡി.ജി.പിയാണ് ഉത്തരവിട്ടത്. ഇന്ന് തന്നെ പഞ്ചാബില്‍ നിന്ന് തിരിക്കണമെന്നാണ് നിര്‍ദ്ദേശം. എ.ഡി.ജി.പിക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ഇവരില്‍ നിന്ന് മൊഴി എടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പൊലീസുകാരെ തിരിച്ച് വിളിച്ചത്. ഇവര്‍ എത്തുന്ന മുറയ്ക്ക് ക്രൈം ബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തും. നേരത്തെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ച മണിക്കുട്ടനെയും തിരിച്ച് വിളിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ചിന്‍റെ ഇടക്കാല റിപ്പോര്‍ട്ടില്‍ ഈ നാല് പേരും കുറ്റക്കാരാണെന്ന് കാണിച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിയും സ്വീകരിക്കും. നേരത്തെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമാന്‍റോയെ സസ്പെന്‍റ് ചെയ്തിരുന്നു.