LiveTV

Live

Kerala

മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

വൈദ്യുതി, ആരോഗ്യം, വനം, എക്സൈസ് വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കൊല്ലം, കുണ്ടറ എന്നീ മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിച്ചു.

മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വൈകിട്ട് നാലിന് കൊല്ലം മുളങ്കാടകം ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി അദ്ദേഹം പാര്‍ട്ടിയില്‍ സജീവമല്ലായിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ മരണം സംഭവിച്ചു.

കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസില്‍ അദ്ദേഹത്തിന്റെ ഭൌതികശരീരം പൊതുദര്‍ശനത്തിന് വെച്ചു. നിരവധി രാഷ്ട്രീയനേതാക്കളാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ ഇവിടെയെത്തിയത്.

മന്ത്രിയായും ട്രേഡ് യൂണിയന്‍ നേതാവായും മികച്ച സേവനം സംസ്ഥാനത്തിന് നല്‍കിയ വ്യക്തിയാണ് കടവൂര്‍ ശിവദാസനെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. കടവൂര്‍ ശിവദാസന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. വൈകിട്ട് നാലിന് കൊല്ലത്തെ മുളങ്കാടകം ശ്മശാനത്തിലാണ് സംസ്കാരം.

കെ കരുണാകരൻ, എ.കെ ആൻറണി മന്ത്രിസഭകളിലായി നാല് തവണ മന്ത്രിയായിരുന്നു കടവൂര്‍ ശിവദാസന്‍. വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കൊല്ലം, കുണ്ടറ എന്നീ മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിച്ചു.

ആര്‍.എസ്.പിയിലൂടെയായിരുന്നു കടവൂര്‍ ശിവദാസന്‍റെ രാഷ്ട്രീയ പ്രവേശം. 1980ലും 82ലും ആര്‍.എസ്.പി പ്രതിനിധിയായി കടവൂര്‍ ശിവദാസന്‍ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു. പിന്നീട് കോണ്‍ഗ്രസിലെത്തി കൊല്ലം ജില്ലയിലെ പാര്‍ട്ടിയുടെ മുഖ്യ നേതാവായി മാറി. 1991, 96, 2001 വര്‍ഷങ്ങളിലും നിയമസഭയിലെത്തി. അസംഘടിത തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക എന്നത് ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ മുന്നോട്ടുവെച്ച നേതാവായിരുന്നു അദ്ദേഹം.