LiveTV

Live

Kerala

ബംഗലൂരു സ്വദേശിയെ മലപ്പുറത്ത് വിളിച്ചുവരുത്തി കവര്‍ച്ച; അഞ്ച് ലക്ഷവും സ്വര്‍ണവും കാറും തട്ടിയെടുത്തു

മലപ്പുറത്തേക്ക് ബിസിനസ് സംബന്ധമായ ചർച്ചകൾ നടത്താനെന്ന പേരിൽ വിളിച്ചു വരുത്തിയായിരുന്നു മോഷണം

ബംഗലൂരു സ്വദേശിയെ മലപ്പുറത്ത് വിളിച്ചുവരുത്തി കവര്‍ച്ച; അഞ്ച് ലക്ഷവും സ്വര്‍ണവും കാറും തട്ടിയെടുത്തു

ബംഗലൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയിൽ കെട്ടിയിട്ട് കവര്‍ച്ച നടത്തി. അഞ്ച് ലക്ഷം രൂപയും 13 പവൻ സ്വർണ്ണവും കാറുമാണ് തട്ടിയെടുത്തത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

മലപ്പുറം സ്വദേശി ആദിൽ യാദിശും കർണ്ണാടക സ്വദേശി മധുവരസനും നേരത്തെ സുഹൃത്തുക്കളായിരുന്നു. സഹപാഠിയായ ഇയാളെ മലപ്പുറത്തേക്ക് ബിസിനസ് സംബന്ധമായ ചർച്ചകൾ നടത്താനെന്ന പേരിൽ വിളിച്ചു വരുത്തിയായിരുന്നു മോഷണം. മലപ്പുറത്തെ എം.ബി ആശുപത്രി മുന്‍ ഉടമയുടെ മകൻ കൂടിയായ ആദിലും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ഒരു ക്ലിനിക്കിൽ കെട്ടിയിട്ട് 5 ലക്ഷം രൂപയും 13 പവൻ സ്വർണ്ണവും ചെക്കും കാറും മോഷ്ടിച്ചുവെന്നാണ് പരാതി. പിന്നീട് ഇയാളെ ബസിൽ നാട്ടിലേക്ക് തിരിച്ചയച്ചു.

മലപ്പുറത്തേക്ക് മടങ്ങിയെത്തിയ മധുവരസൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. മോഷ്ടിച്ച കാർ ആശുപത്രി പരിസരത്ത് നിന്ന് കണ്ടെടുത്തു. പ്രതികളായ ആദിലും സുഹൃത്തുക്കളും ജില്ലക്കകത്ത് തന്നെ ഉണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.