LiveTV

Live

Kerala

ടിസി വാങ്ങാനെത്തിയ വിദ്യാർഥികളോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് സ്കൂൾ അധികൃതര്‍

ടിസി വാങ്ങാനായി ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലെത്തിയപ്പോഴാണ് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലേക്കുള്ള ഫീസ് തുകയായ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്.

ടിസി വാങ്ങാനെത്തിയ വിദ്യാർഥികളോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് സ്കൂൾ അധികൃതര്‍

പത്താം തരം പൂർത്തിയാക്കി സ്കൂൾ മാറ്റത്തിന് ടിസി വാങ്ങാനെത്തിയ വിദ്യാർഥികളോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് സ്വകാര്യ സ്കൂൾ മാനേജ്മെന്റ്. നിലമ്പൂർ പാലുണ്ട ഗുഡ് ഷെപ്പേർഡ് സ്കൂൾ അധികൃതരാണ് പ്ലസ് വൺ, പ്ലസ് ടു ഫീസ് തുക ആവശ്യപ്പെട്ടത്. രക്ഷിതാക്കളും വിദ്യാർഥികളും ചൈൽഡ് ലൈന് പരാതി നൽകി. സ്കൂള്‍ പ്രിന്‍സിപ്പലിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

എസ്.എസ്.എൽ.സി പരീക്ഷ പാസായ ആറ് വിദ്യാർഥികളാണ് മറ്റു സ്കൂളുകളിൽ ചേരാൻ ടിസി ആവശ്യപ്പെട്ടത്. ഏകജാലക സംവിധാനം വഴി അപേക്ഷ നൽകുകയും ചെയ്തു. ഇതിന് പിന്നാലെ ടിസി വാങ്ങാനായി ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലെത്തിയപ്പോഴാണ് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലേക്കുള്ള ഫീസ് തുകയായ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്.

എന്നാൽ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഇതേ സ്കൂളിൽ തന്നെ തുടരണം എന്ന കാര്യം പ്രോസ്പെക്റ്റസിൽ വ്യക്തമാക്കിയതാണ് എന്നും ഇക്കാര്യം അംഗീകരിച്ചാണ് വിദ്യാർഥികൾ പ്രവേശനം നേടിയത് എന്നുമാണ് മാനേജ്മെന്റ് വാദം. പക്ഷേ ഈ വാദം നിലനിൽക്കില്ലെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.