LiveTV

Live

Kerala

ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കോടതിയിലെത്തിയതില്‍ ദുരൂഹതയെന്ന് പി.ജെ ജോസഫ്

പാര്‍ട്ടിയില്‍ ഇരട്ടപ്പദവി വഹിക്കില്ലെന്നും പി.ജെ ജോസഫ്

ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കോടതിയിലെത്തിയതില്‍ ദുരൂഹതയെന്ന് പി.ജെ ജോസഫ്

കേരളാ കോണ്‍ഗ്രസ് എമ്മിലെ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുന്നു. ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവര്‍ എന്തോ ഭയക്കുന്നുവെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പി.ജെ ജോസഫ് പ്രതികരിച്ചു. പാര്‍ട്ടിയില്‍ ഇരട്ടപ്പദവി വഹിക്കില്ലെന്നും ജോസഫ് പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന കെ.എം മാണി സര്‍വകക്ഷി അനുസ്മരണ സമ്മേളനത്തിന് ശേഷം ജോസഫിനെ പൊടുന്നനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് മറുവിഭാഗം പാര്‍ട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കോടതിയിലെത്തിച്ചത്. ഈ നടപടിയില്‍ ദുരൂഹതയുണ്ടെന്നും പാര്‍ട്ടി നേതൃയോഗം ചേര്‍ന്ന് ചെയര്‍മാനെ തെരഞ്ഞെടുക്കുമെന്നും അതൃപ്തി വ്യക്തമാക്കി പി.ജെ ജോസഫ് പ്രതികരിച്ചു.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകും. മുമ്പ് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ലയനശേഷം തലമുതിര്‍ന്നവരെ പാര്‍ട്ടി ചെയര്‍മാനാക്കിയ ചരിത്രമുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും പി.ജെ വ്യക്തമാക്കി. നിയമസഭ ചേരും മുമ്പ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറെയും തെരഞ്ഞെടുക്കും.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് സി.എഫ് തോമസ് എം.എല്‍.എയെ പി.ജെ ജോസഫ് അംഗീകരിക്കുന്നുവെങ്കിലും ജോസ് കെ മാണിക്ക് അത് സ്വീകാര്യമല്ല. കെ.എം മാണിക്കൊപ്പം നിന്ന മുതിര്‍ന്ന നേതാക്കളെ പി.ജെ ജോസഫ് കൂടെ കൂട്ടുന്നുവെങ്കിലും ജില്ലാ പ്രസിഡന്‍റുമാരുടെ ഭൂരിപക്ഷ പിന്തുണ ഉറപ്പിക്കുകയാണ് ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസ് എമ്മില്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി തുടരുമെന്ന് വ്യക്തം.