LiveTV

Live

Kerala

നെയ്യാറ്റിൻകര ആത്മഹത്യ;  ലേഖയുടെ ജപ്തി ഹരജി ചൊവ്വാഴ്ച ഹൈകോടതിക്ക് മുന്നിലെത്തിയിരുന്നു

കേസ് മാറ്റിയ സാഹചര്യത്തിൽ അതുവരെ ജപ്തി നടപടികളിൽ നിന്ന് ബാങ്ക് അധികൃതർക്ക് വിട്ടു നിൽക്കാൻ നിർബന്ധിതരാകുന്ന അവസ്ഥയാണ് ഇതോടെ ഉണ്ടായത്

നെയ്യാറ്റിൻകര ആത്മഹത്യ;  ലേഖയുടെ ജപ്തി ഹരജി ചൊവ്വാഴ്ച ഹൈകോടതിക്ക് മുന്നിലെത്തിയിരുന്നു

നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ലേഖയുടെ ജപ്തി ഹരജി ചൊവ്വാഴ്ച ഹൈകോടതിക്ക് മുന്നിലെത്തിയിരുന്നു .ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തിൽ അതുവരെ ജപ്തി ഉണ്ടാകുമായിരുന്നില്ല.

അഞ്ച് ലക്ഷം രൂപയുടെ വായ്പക്ക് ആറര ലക്ഷത്തോളം രൂപയുടെ കുടിശികയുണ്ടായതിന്റെ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതെ ഭൂമി ഏറ്റെടുക്കാനുള്ള ബാങ്കിന്റെ ശ്രമം ചോദ്യം ചെയ്ത് ഭർത്താവ് ചന്ദ്രനൊപ്പം ലേഖ നൽകിയ ഹരജിയാണ് ചൊവ്വാഴ്ച ജസ്റ്റിസ് രാജ വിജയരാഘവന്റെ പരിഗണനക്കെത്തിയത്.

കേസ് പരിഗണിക്കവെ കുടിശിക തുക അടക്കാമെന്ന് ഹരജിക്കാരൻ എഴുതി ഒപ്പിട്ടു രേഖ സമർപ്പിച്ചിട്ടുണ്ടെന്ന ബാങ്കിന്റെ വിശദീകരണത്തെ തുടർന്ന് ഇക്കാര്യങ്ങളിലുള്ള സ്ഥിരീകരണത്തിനായി കേസ് 20ലേക്ക് മാറ്റിയിരുന്നു. കേസ് മാറ്റിയ സാഹചര്യത്തിൽ അതുവരെ ജപ്തി നടപടികളിൽ നിന്ന് ബാങ്ക് അധികൃതർക്ക് വിട്ടു നിൽക്കാൻ നിർബന്ധിതരാകുന്ന അവസ്ഥയാണ് ഇതോടെ ഉണ്ടായത്.

2005ൽ എടുത്ത വായ്പ പല തവണകൾ അടച്ചെങ്കിലും പൂർണമായി അടച്ചു തീർക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് മൂലം കഴിഞ്ഞിരുന്നില്ലെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തുടർന്ന് 6.42 ലക്ഷത്തോളം രൂപയുടെ കുടിശിക അടക്കാനും അല്ലാത്തപക്ഷം മാർച്ചിൽ ജപ്തി നടപ്പാക്കാനും ബാങ്കിന്റെ നോട്ടീസ് ലഭിച്ചു. പിന്നീട് കഴിഞ്ഞ ദിവസം ഭൂമി ജപ്തി നടപടി അറിയിച്ച് അഭിഭാഷക കമീഷന്റെ നോട്ടീസും ലഭിച്ചു. കുടിശിക അടച്ചു തീർക്കാൻ മതിയായ സമയം അനുവദിക്കണമെന്നും ജപ്തി നടപടികൾ ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. ഹരജി പരിഗണിക്കവേയാണ് പണം അടക്കാമെന്ന് ഹരജിക്കാരൻ രേഖാമൂലം അറിയിച്ചതായി ബാങ്ക് ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് ഇതിന്റെ നിജ സ്ഥിതി വിശീദകരിക്കാനും പണം അടച്ചുവോ എന്ന് വ്യക്തമാക്കാനും സമയം നൽകി ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.