LiveTV

Live

Kerala

നെയ്യാറ്റിന്‍കര ആത്മഹത്യ: കുടുംബപ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന കൂടുതല്‍ കുറിപ്പുകള്‍ പുറത്ത് 

ലേഖയുടെതെന്ന് കരുതുന്ന കുറിപ്പുകൾ അടങ്ങിയ നോട്ട് ബുക്കിൽ, സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം തൻറെ തലയിൽ കെട്ടിവയ്ക്കാൻ ചന്ദ്രനും കൃഷ്ണമ്മയും ശ്രമിച്ചിരുന്നതായി പറയുന്നു.

നെയ്യാറ്റിന്‍കര ആത്മഹത്യ: കുടുംബപ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന കൂടുതല്‍ കുറിപ്പുകള്‍ പുറത്ത് 

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. ലേഖയുടെതെന്ന് കരുതുന്ന കുറിപ്പുകൾ അടങ്ങിയ നോട്ട് ബുക്കിൽ, സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം തൻറെ തലയിൽ കെട്ടിവയ്ക്കാൻ ചന്ദ്രനും കൃഷ്ണമ്മയും ശ്രമിച്ചിരുന്നതായി പറയുന്നു. അതേസമയം മന്ത്രവാദം നടത്തി എന്ന് കരുതുന്ന മന്ത്രവാദിയെ പൊലീസ് തിരിച്ചറിഞ്ഞു.

പൊലീസ് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നോട്ട് ബുക്കിൽ ലേഖ നേരിട്ടിരുന്ന മാനസിക സംഘർഷങ്ങൾ വ്യക്തമാക്കുന്നുണ്ട്. കടങ്ങൾ എങ്ങനെ ഉണ്ടായിയെന്നും ഗൾഫിൽ നിന്ന് താൻ അയച്ച പണം എന്ത് ചെയ്തുവെന്നും ആർക്ക് കൊടുത്തുവെന്നും ചോദിച്ചു ചന്ദ്രനും കൃഷ്ണമ്മയും കുറ്റപ്പെടുത്തിയിരുന്നു. എല്ലാം തന്റെ തലയിൽ കെട്ടിവെക്കാനായിരുന്നു ശ്രമം. തന്നെ സമൂഹത്തിന് മുന്നിൽ മോശക്കാരിയായി ചിത്രീകരിക്കാർ ഭർത്താവിന്റെ അമ്മ ശ്രമിച്ചിരുന്നതായും കുറിപ്പിലുണ്ട്. ഓരോ ദിവസത്തെയും ചെലവുകൾ സംബന്ധിച്ചും ബുക്കിൽ പരാമർശമുണ്ട്.

ലേഖയുടെ ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴി എടുക്കും. മൊഴി നൽകാൻ ഹാജരാകണമെന്ന് കാട്ടി കാനറാ ബാങ്ക് നെയ്യാറ്റിൻകര ശാഖയിലെ ഉദ്യോഗസ്ഥർക്കും പൊലീസ് കത്ത് നൽകും. കൂടുതൽ മൊഴികളും രേഖകളും ലഭിക്കുന്നതിനനുസരിച്ച് പ്രതികളെ വിശദ ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.