LiveTV

Live

Kerala

ചെങ്ങോട്ടുമലയില്‍ ക്വാറി തുടങ്ങാനുള്ള ലൈസന്‍സ് നാളത്തെ ഹിയറിംഗില്‍ നല്‍കില്ല

കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തി വന്ന അനിശ്ചിതകാല സമരം സി.പി.എം അവസാനിപ്പിച്ചു.

ചെങ്ങോട്ടുമലയില്‍ ക്വാറി തുടങ്ങാനുള്ള ലൈസന്‍സ് നാളത്തെ ഹിയറിംഗില്‍  നല്‍കില്ല

ചെങ്ങോട്ടുമലയില്‍ ക്വാറി തുടങ്ങുന്നതിന് വേണ്ടിയുള്ള ഡി ആന്‍ഡ് ഒ ലൈസന്‍സ് നാളെ നടക്കുന്ന ഹിയറിംഗില്‍ ഡെല്‍റ്റാ ഗ്രൂപ്പിന് നല്‍കില്ല. സമര സമിതിയുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ഇതോടെ കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തി വന്ന അനിശ്ചിതകാല സമരം സി.പി.എം അവസാനിപ്പിച്ചു.

നാളെ നടക്കുന്ന ഹിയറിംഗ് മാറ്റിവെക്കണമെന്നതായിരുന്നു സമര സമിതിയുടെയും ജനപ്രതിനിധികളുടേയും പ്രധാന ആവശ്യം. ക്വാറിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ വിധി വന്നതിന് ശേഷമേ ഹിയറിംഗ് എടുക്കാവൂവെന്ന നിലപാടുമെടുത്തു. പക്ഷെ ഇത് അംഗീകരിക്കാന്‍ കളക്ടര്‍ തയ്യാറായില്ല. പകരം നാളത്തെ ഹിയറിംഗില്‍ ഡെല്‍റ്റ ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിച്ചതിന് ശേഷം തീരുമാനമെടുക്കാന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാമെന്നായിരുന്നു വാഗ്ദാനം. ഇക്കാര്യം സമര സമിതി അംഗീകരിച്ചു.

കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിന് വേണ്ടി ചെങ്ങോട്ടുമല സന്ദര്‍ശിക്കാന്‍ കളക്ടര്‍ തീരുമാനിച്ചിട്ടുണ്ട്. നാളെ കളക്ടര്‍ വിളിച്ച ഹിയറിംഗില്‍ പങ്കെടുത്ത് ക്വാറി തുടങ്ങാനുള്ള ലൈസന്‍സ് നല്‍കണമെന്ന് ചീഫ് സെക്രട്ടറി കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെയാണ് സമര സമിതിയും സി.പി.എമ്മും അനിശ്ചിതകാല പഞ്ചായത്തോഫീസ് ഉപരോധത്തിലേക്ക് നീങ്ങിയത്.