LiveTV

Live

Kerala

അടിസ്ഥാന സൗകര്യങ്ങളില്ലാതെ വയനാട്ടിലെ സർക്കാർ വനിതാ ഐ.ടി.ഐ

പരാതികൾക്ക് ഒടുവിൽ പഞ്ചായത്ത് ഭൂമി ലഭ്യമാക്കി എങ്കിലും ചെങ്കുത്തായ സ്ഥലമായതിനാൽ കെട്ടിടനിർമ്മാണത്തിന് അനുയോജ്യമല്ല   

അടിസ്ഥാന സൗകര്യങ്ങളില്ലാതെ  വയനാട്ടിലെ സർക്കാർ വനിതാ ഐ.ടി.ഐ

അടിസ്ഥാന സൗകര്യങ്ങളില്ലാതെ താൽക്കാലിക കെട്ടിടത്തിൽ വീർപ്പുമുട്ടുകയാണ് വയനാട്ടിലെ സർക്കാർ വനിതാ ഐ.ടി.ഐ. കെട്ടിട നിർമാണത്തിനായി പഞ്ചായത്ത് ഭൂമി വാങ്ങിയെങ്കിലും അനുയോജ്യമല്ലാത്ത സ്ഥലമായതിനാൽ ടിൻ ഷീറ്റ് കൊണ്ട് മറച്ച ക്ലാസ് മുറികളിലാണ് വിദ്യാർത്ഥികൾ ഇപ്പോഴും പഠനം തുടരുന്നത്.

ചുള്ളിയോട് കാലിച്ചന്തയോട് ചേർന്ന ശോചനീയമായ കെട്ടിടത്തിലാണ് നെന്മേനി ഗവൺമെന്റ് വനിതാ ഐ.ടി.ഐ പ്രവർത്തിക്കുന്നത്. ടിൻ ഷീറ്റുകൊണ്ട് മറച്ച 2 ക്ലാസ് മുറികളിലായി 64 വിദ്യാർഥിനികൾ പഠിക്കുന്നു. ഇവർക്കു പുറമേ അധ്യാപകരടക്കം 13 ജീവനക്കാരും ഇവിടെയുണ്ട്. എല്ലാവർക്കുമായി ആകെ രണ്ട് ടോയ്‌ലറ്റുകൾ മാത്രം. 2008 ൽ നെന്മിനിക്കൊപ്പം പ്രഖ്യാപിക്കപ്പെട്ട മറ്റു ഐ.ടി.ഐകളിൽ മികച്ച സൗകര്യം ലഭ്യമാകുമ്പോഴും കെട്ടിട നിർമാണത്തിന് ആവശ്യമായ ഭൂമി ലഭ്യമാക്കാത്ത നെന്മേനി പഞ്ചായത്തിന്റെ അനാസ്ഥയാണ് ഈ സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ശോചനീയാവസ്ഥക്ക് കാരണം.

നിലവിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ രണ്ടു ട്രേഡുകളിലായി നാലു ബാച്ചുകൾ ആണ് ഇവിടെയുള്ളത്. രണ്ടു ക്ലാസ് മുറികൾക്ക് പുറമേ രണ്ട് വർക്ക്ഷോപ്പുകളും ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നതും അസൗകര്യങ്ങൾക്കു നടുവിൽ തന്നെ. പരാതികൾക്ക് ഒടുവിൽ പഞ്ചായത്ത് ഭൂമി ലഭ്യമാക്കി എങ്കിലും ചെങ്കുത്തായ സ്ഥലമായതിനാൽ കെട്ടിടനിർമ്മാണത്തിന് അനുയോജ്യമല്ല. ഇതാണ് ഇപ്പോഴും ഐ.ടി.ഐ കെട്ടിടത്തിന്റെ ദുരവസ്ഥയ്ക്ക് കാരണം. കഴിഞ്ഞ 11 വർഷമായി താൽക്കാലിക കെട്ടിടത്തിൽ ഐ.ടി.ഐ പ്രവർത്തിച്ചതിലും ഭൂമി വാങ്ങിയതിലും അഴിമതിയുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.