LiveTV

Live

Kerala

നിഖാബ്: എം.ഇ.എസ് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് പാണക്കാട് കുടുംബം 

മുഖവസ്ത്രം ഇസ്‌ലാമിക വേഷവിധാനത്തിന്റെ ഭാഗം കൂടിയാണ്. മതവിശ്വാസ ഭാഗമായ വേഷം സ്വീകരിക്കാനുള്ള വിശ്വാസികളുടെ അവകാശത്തെ തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

നിഖാബ്: എം.ഇ.എസ് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് പാണക്കാട് കുടുംബം 

ഇന്ത്യന്‍ പൗരന് ഏത് വസ്ത്രവും ധരിക്കാമെന്ന അവകാശം ഉണ്ടായിരിക്കെ വസ്ത്ര സ്വാതന്ത്ര്യം തടയുന്ന എം.ഇ.എസ്. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ശിഹാബുദ്ദീന്‍ ഫാമിലി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാണക്കാട് തങ്ങള്‍മാര്‍ മുഴുവന്‍ ഉള്‍കൊള്ളുന്ന കുടുംബമാണ് ശിഹാബുദ്ദീന്‍ ഫാമിലി.

മുഖവസ്ത്രം ഇസ്‌ലാമിക വേഷവിധാനത്തിന്റെ ഭാഗം കൂടിയാണ്. മതവിശ്വാസ ഭാഗമായ വേഷം സ്വീകരിക്കാനുള്ള വിശ്വാസികളുടെ അവകാശത്തെ തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ഭരണഘടനാനുസൃതമായ സ്വാതന്ത്ര്യം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉറപ്പുവരുത്തുന്നുണ്ടെന്നിരിക്കെ അതിന് വിലക്കുന്ന സമീപനം ഉണ്ടായിക്കൂടെന്ന് പ്രമേയത്തിലൂടെ വ്യക്തമാക്കുന്നു.

പൗരാവകാശങ്ങളെ ചോദ്യം ചെയ്തു ഫാസിസ്റ്റുകള്‍ ഒരു ഭാഗത്ത് രാജ്യത്ത് ഭീതി പരത്തുമ്പോള്‍ സമുദായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറിയപ്പെടുന്നവര്‍ ഇത്തരം നടപടി കൈക്കൊള്ളുന്നത് പ്രത്യാഘാതങ്ങള്‍ക്കിടയിക്കുമെന്നും ബന്ധപ്പെട്ടവര്‍ തിരുത്തണമെന്നും ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

സയ്യിദ് സ്വാദിഖലി ശിഹാബ്, സയ്യിദ് അബ്ബാസലി ശിഹാബ്, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ്, സയ്യിദ് റശീദലി ശിഹാബ്, സയ്യിദ് ഹമീദലി ശിഹാബ്, സയ്യിദ് ഹുസൈന്‍ ശിഹാബ് പൊടിയാട്, സയ്യിദ് ഫസല്‍ ശിഹാബ് പൊടിയാട്, സയ്യിദ് ഫസല്‍ ശിഹാബ് (കുഞ്ഞാപ്പു), സയ്യിദ് ശമീറലി ശിഹാബ് പാണക്കാട്, സയ്യിദ് സ്വാലിഹ് ശിഹാബ് പട്ടര്‍ക്കടവ്, സയ്യിദ് ഹുസൈന്‍ ശിഹാബ് പൂക്കു, സയ്യിദ് അബ്ദുസത്താര്‍ ശിഹാബ് പൂക്കു, സയ്യിദ് റഫീഖ് ശിഹാബ് പഴയപുരക്കല്‍, സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ്, സയ്യിദ് മുഹമ്മദ് ബാപ്പു ശിഹാബ് എന്നിവര്‍ സംബന്ധിച്ചു. സയ്യിദ് സ്വാലിഹ് ശിഹാബ് കോഴിക്കോട് സ്വാഗതവും സയ്യിദ് ഹാശിറലി ശിഹാബ് നന്ദിയും പറഞ്ഞു.