LiveTV

Live

Kerala

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: ഭര്‍ത്താവും അമ്മയും ബന്ധുക്കളും അറസ്റ്റില്‍ 

ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന ലേഖയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലത്തിലാണ് അറസ്റ്റ്.

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: ഭര്‍ത്താവും അമ്മയും ബന്ധുക്കളും അറസ്റ്റില്‍ 

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവ് ചന്ദ്രനും, ഭര്‍തൃമാതാവും രണ്ട് ബന്ധുക്കളുമാണെന്നാണ് വീട്ടമ്മയായ ലേഖയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. ആത്മഹത്യാകുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മീഡിയവണാണ് ആത്മഹത്യ കുറിപ്പ് പുറത്ത് വിട്ടത്.

കാനറാ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നതില്‍ മനംനൊന്താണ് നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇവര്‍ ആത്മഹത്യ ചെയ്ത റൂമില്‍ നിന്ന് കണ്ടെടുത്ത കത്തില്‍ നിന്ന് ‍ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ആത്മഹത്യക്ക് കാരണം ഭര്‍ത്താവ് ചന്ദ്രനും, ഭര്‍തൃമാതാവ് കൃഷ്ണമ്മയും ബന്ധുക്കളായ ശാന്ത, കാശി എന്നിവരുമാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

താന്‍ ഈ വീട്ടീല്‍ വന്ന കാലം മുതല്‍ അനുഭവിക്കുകയാണ്, തന്നെയും മകളേയും പറ്റി കൃഷ്ണമ്മയും ശാന്തയും പുറത്ത് പലതും പറഞ്ഞ് നടക്കുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ തന്നെ വിഷം തന്ന് കൊല്ലാന്‍ ശ്രമിച്ചു. മന്ത്രവാദികള്‍ പറയുന്നത് മാത്രമെ ഇവര്‍ കേള്‍ക്കാറുള്ളൂവെന്നും പൊലീസ് കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തിട്ടില്ലെന്നും, ബാങ്കില്‍ നിന്ന് വരുന്ന പേപ്പര്‍ വീടിനോട് ചേര്‍ന്നുള്ള ആല്‍ത്തറയില്‍ വച്ച് പൂജിക്കുന്നതാണ് അമ്മയുടേയും മകന്റെയും പതിവെന്നും ലേഖ കുറ്റപ്പെടുത്തുന്നുണ്ട്.

അത്മഹത്യചെയ്ത മുറിക്കുള്ളിലെ ഭിത്തിയിലും ഇവര്‍ നാല് പേര്‍ക്കെതിരെ എഴുതി വെച്ചിട്ടുണ്ട്. ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ നാല് പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.