LiveTV

Live

Kerala

തൃശൂരിലെ വിജയസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് ടി.എന്‍ പ്രതാപന്‍ 

തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി തിരുവനന്തപുരത്ത് ചേർന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് പ്രതാപന്‍ ആശങ്ക അറിയിച്ചത്

തൃശൂരിലെ വിജയസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച്  ടി.എന്‍ പ്രതാപന്‍ 

തൃശൂര്‍ മണ്ഡലത്തിലെ വിജയസാധ്യതയില്‍ ആശങ്കയറിയിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍. തെരഞ്ഞെടുപ്പ് വിലയിരുത്തില്‍ ചേര്‍ന്ന് കെ.പി.സി.സി നേതൃയോഗത്തിലാണ് ടി.എന്‍ പ്രതാപന്‍ ആശങ്ക പങ്കുവെച്ചത്. എന്നാല്‍ ആശങ്കയില്ലെന്നും 20 മണ്ഡലത്തിലും വിജയിക്കുമെന്ന് യോഗം വിലയിരുത്തിയതായും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

മോദി വിരുദ്ധത, പിണറായി വിരുദ്ധത, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം എല്ലാ മണ്ഡലങ്ങളിലും വിജയ സാധ്യതയുണ്ടെന്നാണ് കെ.പി.സി.സി നേതൃയോഗത്തിന്‍റെ വിലയിരുത്തല്‍. നാലോ അഞ്ചോ മണ്ഡലങ്ങള്‍ അനായാസം ജയിക്കും. മറ്റുള്ളവയില്‍ മത്സരമുണ്ടായെങ്കിലും വിജയിക്കും.

യോഗത്തില്‍ ആശങ്ക പറഞ്ഞത് തൃശൂരിലെ സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍ മാത്രം. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വവും ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനവും ഭൂരിപക്ഷ സമുദത്തിന്‍രെ വോട്ടുകളില്‍ വിള്ളലുണ്ടാക്കി.

മുന്നാക്കം സമുദായ വോട്ടുകള്‍ മാത്രമല്ല ധീവര സമുദായ വോട്ടുകള്‍ വരെ സ്വാധീനിച്ചു. 48 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകളിലൂടെ ഇത് മറികടക്കാന്‍ കഴിയുമെങ്കിലും തിരിച്ചടിയെയും കരുതേണ്ടിവരുമെന്നായിരുന്നു പ്രതാപന്‍റെ വാക്കുകള്‍.

വോട്ടര്‍പട്ടികയിലെ അട്ടിമറി പരിശോധിക്കുന്ന കെ.പി.സി.സി സമിതി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തെളിവെടുക്കും. മുഖ്യമന്ത്രിയുടെ ബൂത്തില്‍ ഉള്‍പ്പെടെ കള്ളവോട്ട് ആരോപണം മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഓഫീസര്‍ അന്വേഷിക്കണമെന്നും മുല്ലപള്ളി രാമചന്ദ്രന‍് ആവശ്യപ്പെട്ടു