LiveTV

Live

Kerala

ജപ്തി ഭയന്ന് തീകൊളുത്തി; മകള്‍ക്ക് പിറകെ അമ്മയും മരണത്തിന് കീഴടങ്ങി

ജപ്തി ഒഴിവാക്കണമെന്ന് ബാങ്കിനോട് ആവശ്യപെട്ടിരുന്നുവെന്നും എന്നാൽ ബാങ്ക് ചെവിക്കൊണ്ടില്ലെന്നും പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ

ജപ്തി ഭയന്ന് തീകൊളുത്തി; മകള്‍ക്ക് പിറകെ അമ്മയും മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണി ഭയന്ന് ഡിഗ്രി വിദ്യാർത്ഥിനിയും അമ്മയും തീ കൊളുത്തി മരിച്ചു. നെയ്യാറ്റിൻകര മാരായിമുട്ടത്താണ് സംഭവം.

നെയ്യാറ്റിൻകര മാരായിമുട്ടം മലയിൽക്കട സ്വദേശിനി ലേഖ, മകൾ വൈഷ്ണവി എന്നിവരാണ് തീക്കൊളുത്തി ആത്മഹത്യ ചെയ്തത്. വൈഷ്ണവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 90ശതമാനം പൊളളലേറ്റ അമ്മ ലേഖ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയാണ് മരണപ്പെട്ടത്.

സംഭവത്തെ തുടർന്ന് ബാങ്കിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ബാങ്ക് മാനേജരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

ജപ്തി ഭയന്ന് തീകൊളുത്തി; മകള്‍ക്ക് പിറകെ അമ്മയും മരണത്തിന് കീഴടങ്ങി

കാനറ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽ നിന്നെടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ജപ്തിയിലേക്ക് നീങ്ങിയിരുന്നു. നാളെ വീട് ജപ്തി ചെയ്യാനിരിക്കെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്.

ജപ്തിയുടെ പേരില്‍ ബാങ്ക് പലതവണ തങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഗൃഹനാഥനായ ചന്ദ്രന്‍ പറഞ്ഞു. പണമടക്കാന്‍ സന്നദ്ധമായിരുന്നു, എന്നാല്‍ അതിന് ബാങ്ക് അനുവദിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു. ബാങ്കില്‍ നിന്നുള്ള നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഭാര്യയും മകളും സ്വയം തീകൊളുത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഭവന നിർമ്മാണത്തിനായി 15 വർഷം മുൻപെടുത്ത 5ലക്ഷം രുപയാണ് തിരിച്ചടവ് മുടങ്ങിയത്. മുതലും പലിശയും ചേർത്ത് 8 ലക്ഷം തിരിച്ചടച്ചെങ്കിലും നാല് ലക്ഷത്തോളം കൂടി അടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞെന്നാണ് ബന്ധുക്കൾ പറയുന്നത്.

ജപ്തി ഒഴിവാക്കണമെന്ന് ബാങ്കിനോട് ആവശ്യപെട്ടിരുന്നുവെന്ന് പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ പറഞ്ഞു. എന്നാൽ ബാങ്ക് ചെവിക്കൊണ്ടില്ല. ബാങ്കിന്റെ നടപടി തെറ്റായിരുന്നുവെന്നും കുടുംബത്തിന് സാവകാശം നൽകണമായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു.

കുടുംബം എടുത്തത് ഭവന വായ്പയാണെന്നും തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് കോടതിയിൽ കേസ് കൊടുത്തിരുന്നു എന്നുമാണ് കാനറാ ബാങ്ക് ശാഖയുടെ വിശദീകരണം. ബാങ്കിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് ഡെപ്യൂട്ടി തഹസിൽദാർ ജോൺസൺ പറഞ്ഞു. തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നതിനാല്‍ ജപ്തി നടപടികൾക്ക് റവന്യൂ ഉദ്യോഗസ്ഥർ എത്തിയിരുന്നില്ലെന്നും തഹസിൽദാർ പറഞ്ഞു.