LiveTV

Live

Kerala

പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ വല്ലാര്‍പാടത്ത് കായല്‍ നികത്തി റോഡ് നിര്‍മ്മാണം  

കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടും ഒരു നടപടിയും എടുക്കാതെ മൗനം പാലിക്കുകയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍.

പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ വല്ലാര്‍പാടത്ത്  കായല്‍ നികത്തി റോഡ് നിര്‍മ്മാണം  

പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ എറണാകുളം വല്ലാര്‍പാടത്ത് കിലോമീറ്ററുകളോളം കായല്‍ നികത്തി റോഡ് നിര്‍മ്മാണം. പ്ലാസ്റ്റിക് മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും ഉള്‍പ്പെടെ തള്ളിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടും ഒരു നടപടിയും എടുക്കാതെ മൗനം പാലിക്കുകയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍.

വല്ലാർപാടം ദ്വീപിനെ ചുറ്റി‌‌ കിലോമീറ്ററുകൾ കായൽ നികത്തിയിട്ട് മാസങ്ങളായി. ഏഴ്മീറ്റര്‍ വീതിയിൽ പ്ലാസ്റ്റിക്, മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ കൊണ്ടുവന്ന് കായലിൽ തട്ടി മണ്ണ് വിരിച്ചാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. എന്നിട്ടും ആര്‍ക്കെതിരെയും നടപടിയില്ല. പരിസരവാസികള്‍ക്കാര്‍ക്കും പരാതിയുമില്ല.

സംഭവത്തില്‍ എന്ത് നടപടി എടുത്തു എന്ന് മുളവുകാട് പഞ്ചായത്തിലും വില്ലേജിലും അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി പൊലീസില്‍ പരാതി നല്‍കി എന്നാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റിനും ജില്ലാ കളക്ടർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും രണ്ടുമാസം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകി. എഫ്ഐആര്‍ ഇട്ട് അന്വേഷിക്കാനും മുളവുകാട് പൊലീസ് തയ്യാറായിട്ടില്ല. കായല്‍ നികത്തി റോഡ് നിര്‍മ്മിച്ചിരിക്കുന്നത് ദ്വീപിന് ചുറ്റും റിംഗ് റോഡ് എന്ന പേരിലാണ്. എന്നാല്‍ പഞ്ചായത്തില്‍ നിന്നും ഇങ്ങനൊരു റോഡ് നിര്‍മ്മാണത്തിന് അനുമതി ഇല്ല എന്നതാണ് മറ്റൊരു വസ്തുത.

സമീപവാസികളുടെ കൂടി സഹകരണത്തോടെ നടന്ന ഈ നിയമ ലംഘനത്തില്‍ ആര്‍ക്കെതിരെ നടപടി എടുക്കും എന്ന ആശയക്കുഴപ്പത്തിലാണ് പഞ്ചായത്ത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട്ട് കായലില്‍ നഗ്നമായ നിയമലംഘനം നടന്നെന്ന് വ്യക്തമായിട്ടും കണ്ട ഭാവം നടിക്കാതെ റവന്യൂ വകുപ്പും ജില്ലാ ഭരണകൂടവും കൊച്ചിൻ പോർട്ട് ട്രസ്റ്റും മൗനം പാലിക്കുകയാണ്.