LiveTV

Live

Kerala

ജീവനക്കാര്‍ക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകാമെന്ന് പി.വി.എസ് മാനേജ്മെന്റ്

കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളം നല്‍കുന്നില്ലെന്ന് ആരോപിച്ച് എറണാകുളം പി.വി.എസ് ആശുപത്രിയിലെ ജീവനക്കാർ സമരം ചെയ്യുന്നത്‍

ജീവനക്കാര്‍ക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകാമെന്ന് പി.വി.എസ് മാനേജ്മെന്റ്

എറണാകുളം പി.വി.എസ് ആശുപത്രി ജീവനക്കാര്‍ക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകാമെന്ന് മാനേജ്മെന്റ്. മേഖലാ ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ. ഈ മാസം ഇരുപതിന് നടക്കുന്ന ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങളെ സംബന്ധിച്ച് കൃത്യമായ നിലപാട് അറിയിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ആശുപത്രി മാനേജ്മെന്റിന് മുന്നറിയിപ്പ് നല്‍കി. ജില്ലാ കളക്ടർ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ വിട്ട് നിന്നതിനെ തുടര്‍ന്ന് വിശദീകരണം തേടിയതിന് പിന്നാലെയാണ് ജോ.ലേബര്‍ കമ്മീഷണര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുത്തത്.

ഈ മാസം 20 ന് നടക്കുന്ന തുടര്‍ ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച കൃത്യമായ നിലപാട് അറിയിക്കണമെന്ന് ജോ.ലേബർ കമ്മീഷണർ കെ.ശ്രീലാല്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. ആശുപത്രിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വ്യക്തത വരുത്തുകയും പ്രവ‍ൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് യാതൊരു തടസ്സവും നേരിടാന്‍ പാടില്ലെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും മാനേജ്മെന്റിന് മുന്നറിയിപ്പ് നല്‍കി. ഇക്കാര്യങ്ങള്‍ മാനേജ്മെന്റ് പ്രതിനിധികള്‍ അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് എറണാകുളം പി.വി.എസ് ആശുപത്രിയിലെ ജീവനക്കാർ സമരം ചെയ്യുന്നത്‍. വെള്ളിയാഴ്ച ആശുപത്രിയിൽ പരിശോധന നടത്തിയ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളുടെ പരാതി ശരിയാണെന്ന് കണ്ടെത്തിയിരുന്നു.