LiveTV

Live

Kerala

നെയ്യാറ്റിന്‍കര ആത്മഹത്യ; ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ആത്മഹത്യക്ക് കാരണക്കാരയവര്‍ക്കെതിരെ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

നെയ്യാറ്റിന്‍കര ആത്മഹത്യ; ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ബാങ്ക് ജപ്തിയുടെ പേരിൽ നെയ്യാറ്റിൻകരയിൽ അമ്മയും മകളും സ്വയം തീക്കൊളുത്തിയതിനെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ മണിക്കൂറുകളോളം നെയ്യാറ്റിന്‍കര റോഡ് ഉപരോധിച്ചു. തിരുവനന്തപുരം മഞ്ചവിളാകം മലയിക്കടയിലാണ് ജപ്തി നടപടിക്കിടെ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

ബാങ്ക് മാനേജർമാർ ആരാച്ചാർമാരായി മാറിയാൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു. നെയ്യാറ്റിൻകരയിൽ ബാങ്ക് അധികൃതർ പരിധിവിട്ട് ഇടപെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം. ബാങ്കുകളെ നിലക്ക് നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

ആത്മഹത്യക്ക് കാരണക്കാരയവര്‍ക്കെതിരെ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബാങ്ക് ജപ്തി നടപടികള്‍ തുടരുമ്പോഴും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കാനറാ ബാങ്ക് ശാഖയിൽ ഭവന നിർമ്മാണത്തിനായി 15 വർഷം മുമ്പെടുത്ത 5 ലക്ഷം രുപയാണ് തിരിച്ചടവ് മുടങ്ങിയത്. വായ്പ തിരിച്ചടവിനുള്ള കാലാവധി തീരാനിരിക്കെയാണ് ഇരുവരും തീകൊളുത്തിയത്.

ജപ്തിയുടെ പേരില്‍ ബാങ്ക് പലതവണ സമ്മര്‍ദം ചെലുത്തിയിരുന്നതായും, പണമടക്കാന്‍ സന്നദ്ധമായിരുന്നുവെങ്കിലും അതിന് ബാങ്ക് അനുവദിച്ചില്ലെന്നും കുട്ടിയുടെ പിതാവ് ചന്ദ്രന്‍ പറഞ്ഞു. മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ സമരം അവസാനിപ്പിച്ചത്.