LiveTV

Live

Kerala

ലോ ഫ്ലോർ ബസുകൾ കെ.എസ്.ആർ.ടി.സിക്ക് വെള്ളാനയായി മാറുന്നു

ഓടാതെ കിടക്കുന്ന 50 എ സി ബസുകൾ നിരത്തിലിറക്കുന്ന കാര്യം പരിഗണനയിലുണ്ടന്നാണ് അറിയിച്ചത്

ലോ ഫ്ലോർ ബസുകൾ കെ.എസ്.ആർ.ടി.സിക്ക് വെള്ളാനയായി മാറുന്നു

കെ.യു.ആർ.ടി.സി ലോ ഫ്ലോർ ബസുകൾ വെള്ളാനയായി മാറുന്നു. ഇന്ധന ക്ഷമത ഇല്ലാത്തതിനാൽ ബസുകൾ സർവീസ് നടത്തുന്നത് നഷ്ടത്തിലെന്ന് കെ.എസ്.ആർ.ടി.സി. ഓടാതെ കിടക്കുന്ന ബസുകൾ സിറ്റി ഓട്ടത്തിന് പരിഗണിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് എം.ഡി എം.പി ദിനേശ് അറിയിച്ചു. കെ.യു.ആർ.ടി.സി ജൻറം ലോ ഫ്ലോർ ബസുകൾ കട്ടപ്പുറത്തായ വാർത്ത മീഡിയവൺ പുറത്തുവിട്ടിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട കെ.എസ്.ആർ.ടി.സി എം.ഡി ദിനേശ് ഓടാതെ കിടക്കുന്ന 50 എസി ബസുകൾ നിരത്തിലിറക്കുന്ന കാര്യം പരിഗണനയിലുണ്ടന്നാണ് അറിയിച്ചത്.

2009ൽ സംസ്ഥാനത്തെത്തിയ ബസുകൾ തുടക്കത്തിൽ നല്ല രീതിയിൽ കളക്ഷൻ നേടി. എന്നാൽ ഇന്ധന ക്ഷമത ഇല്ലാത്തത് കാരണം ഡീസൽ ഇനത്തിൽ വലിയ നഷ്ടമാണ് വരുത്തുന്നത്. സാദാ ബസിന് നാലര കിലോമീറ്റർ മൈലേജ് കിട്ടുമ്പോൾ ലോ ഫ്ലോർ എസി ബസിന് 2 കിലോമീറ്ററും നോൺ എസിക്ക് മൂന്നര കിലോമീറ്ററും മാത്രമാണ് മൈലേജ്. അറ്റകുറ്റ പണിക്കുള്ള നിരക്കും വളരെ കൂടുതൽ.

നേരത്തെ നൽകാനുള്ള 75 ലക്ഷം കുടിശ്ശിക ഉൾപ്പെടെ രണ്ടര കോടി ഉണ്ടെങ്കിലെ കട്ടപ്പുറത്തായ 196 ബസുകളെ നിരത്തിലിറക്കാൻ പറ്റൂ. എസി ബസിനുളള മിനിമം ചാർജ് 20 രൂപയും നോൺ എസിക്ക് 10 രൂപയുമാണ്. ഉൾപ്രദേശങ്ങളിലേക്ക് അതിനാൽ നിയോഗിക്കാനും കഴിയില്ല. ഉള്ള ബസുകൾ നഷ്ടമില്ലാതെ ഓടിക്കണമെങ്കിൽ നിരക്ക് കൂട്ടേണ്ടി വരും.