LiveTV

Live

Kerala

വാളയാര്‍ പീഡന കേസിലെ പ്രതികളുടെ വക്കാലത്ത് ഒഴിഞ്ഞെന്ന സി.ഡബ്ല്യു.സി ചെയര്‍മാന്‍റെ വാദം പൊളിയുന്നു; രേഖകള്‍ മീഡിയവണിന് 

3ന് കേസ് പരിഗണിച്ചപ്പോള്‍ രാജേഷ് അവധി അപേക്ഷ നല്‍കി. സി.ഡബ്ല്യു.സി ചെയര്‍മാന്‍ എന്ന നിലയില്‍ തിരക്കുകളുള്ളതിനാല്‍ അവധി അനുവദിക്കണമെന്നായിരുന്നു ആവശ്യം.

 വാളയാര്‍ പീഡന കേസിലെ പ്രതികളുടെ വക്കാലത്ത് ഒഴിഞ്ഞെന്ന സി.ഡബ്ല്യു.സി ചെയര്‍മാന്‍റെ വാദം പൊളിയുന്നു; രേഖകള്‍ മീഡിയവണിന് 

വാളയാര്‍ കേസിലെ പ്രതികളുടെ വക്കാലത്ത് ഒഴിഞ്ഞുവെന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍റെ വാദം പൊളിയുന്നു. പ്രതിക്ക് വേണ്ടി ഹാജരാകുന്നത് സി.ഡബ്ല്യു.സി ചെയര്‍മാന്‍ എന്‍ രാജേഷ് തന്നെയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ മീഡിയവണിന് ലഭിച്ചു. സി.ഡബ്ല്യു.സി ചെയര്‍മാനെന്ന നിലയിലെ തിരക്കുകള്‍ കാരണം വെള്ളിയാഴ്ച കേസില്‍ ഹാജരാകുന്നതിന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട രേഖയാണ് പുറത്തുവന്നത്. കോടതി ഇത് രേഖാമൂലം അംഗീകരിക്കുകയും ചെയ്തു.

വാളയാറില്‍ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്കായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ തന്നെ ഹാജരായ വാര്‍ത്ത മീഡിയവണ്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് അന്വേഷണവും ആരംഭിച്ചു. ജൂനിയര്‍ അഭിഭാഷകന് വക്കാലത്ത് കൈമാറിയ എന്‍ രാജേഷ് പ്രതിക്കായി ഇപ്പോഴും ഹാജരാകുന്നുവെന്നാണ് പുതിയ രേഖകള്‍ വ്യക്തമാക്കുന്നത്. മൂന്നാം തിയ്യതി കേസില്‍ ഹാജരാകുന്നതില്‍ അവധിക്ക് അപേക്ഷിച്ച രാജേഷ്, അതിന് കാരണമായി പറഞ്ഞത് സി.ഡബ്ല്യു.സി ചെയര്‍മാന്‍ എന്ന നിലയില്‍ തിരക്കുകളുണ്ട് എന്നാണ്. ഈ അപേക്ഷ പരിഗണിച്ച് കേസ് മാറ്റിവെക്കുകയും ചെയ്തു.

സി.ഡബ്ല്യു.സി ചെയര്‍മാനായതിന് ശേഷവും എന്‍ രാജേഷ് പ്രതികള്‍ക്കായി ഹാജരാവുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ അവധി അപേക്ഷയും കോടതി രേഖയും. പ്രതികള്‍ക്കെതിരെ നടപടി എടുക്കുകയും ഇരകളായ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുകയും ചെയ്യേണ്ട അര്‍ധ ജുഡീഷ്യല്‍ സംവിധാനത്തിന്‍റെ തലവന്‍ തന്നെ പ്രതികള്‍ക്കായി ഹാജരാകുന്നതോടെ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് വ്യക്തമാകുന്നത്.