LiveTV

Live

Kerala

സ്വാശ്രയ മെഡിക്കൽ ഫീസ് നിർണയ സമിതിയുടെ പുനസംഘടന നിയമസഭാ സമ്മേളനത്തിലേക്ക് മാറ്റി

കഴിഞ്ഞ മാർച്ചിൽ മന്ത്രിസഭ അംഗീകാരം നൽകിയ ഓർഡിനൻസ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി ഗവർണർ ഒപ്പു വച്ചിരുന്നില്ല

സ്വാശ്രയ മെഡിക്കൽ ഫീസ് നിർണയ സമിതിയുടെ പുനസംഘടന നിയമസഭാ സമ്മേളനത്തിലേക്ക് മാറ്റി

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ സ്വാശ്രയ മെഡിക്കൽ ഫീസ് നിർണയത്തിനുള്ള സമിതി പുനസംഘടിപ്പിക്കാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിലേക്ക് മാറ്റി. നേരത്തേയിത് ഓർഡിനൻസാക്കി ഇറക്കാനായിരുന്നു സർക്കാർ നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കാത്തതിനാലാണ് സർക്കാരിന്റെ പുതിയ തീരുമാനം.

കഴിഞ്ഞ മാർച്ചിൽ മന്ത്രിസഭ അംഗീകാരം നൽകിയ ഓർഡിനൻസ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി ഗവർണർ ഒപ്പു വച്ചിരുന്നില്ല. ഓർഡിനൻസ് ഇറങ്ങിയാലുണ്ടാകാവുന്ന ഗുണങ്ങൾ സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെ ഓർഡിനൻസ് ഇറക്കാനുള്ള ശ്രമം ഉപേക്ഷിച്ച സർക്കാർ ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ പത്തിൽ നിന്ന് അഞ്ചും, മേൽനോട്ട സമിതിയുടെ എണ്ണം ആറാക്കാനുമാണ് സർക്കാർ നീക്കം. രണ്ട് മാസത്തിനകം സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയിക്കണമെന്ന് ഫെബ്രുവരുിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ കാലാവധി തീരുന്ന സാഹചര്യത്തിൽ സാവകാശം തേടി സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഫീസ് നിർണയത്തിനുള്ള സമയം കോടതി നീട്ടിനൽകിയാലേ സർക്കാരിന് ഫീസ് നിശ്ചയിക്കാനുള്ള നടപടികൾ ആരംഭിക്കാൻ കഴിയൂ. ജൂലൈ മാസത്തിൽ പ്രവേശന നടപടികൾ പൂർത്തിയാക്കണം. അതിനാൽ വേഗത്തിൽ ഫീസ് നിർണയത്തിലേക്ക് കടക്കാനാണ് സർക്കാർ ശ്രമം.