LiveTV

Live

Kerala

രാവിലെ ഒൻപത് മണിമുതൽ രാത്രി ഏഴുമണി വരെ നിന്ന് ജോലി ചെയ്യാൻ ഞങ്ങൾ തൊഴിലാളികൾ റോബോട്ടുകളല്ല’- വിജി പിയുമായുള്ള അഭിമുഖം

ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച നൂറു വനിതകളിൽ ഇന്ത്യയില്‍ നിന്നുള്ളത് മൂന്നു പേര്‍. അതില്‍ എഴുപത്തിമൂന്നാമത് സ്ഥാനം സ്വന്തമാക്കിയ വിജി പെൺകൂട്ടുമായുള്ള അഭിമുഖം.

രാവിലെ ഒൻപത് മണിമുതൽ രാത്രി ഏഴുമണി വരെ നിന്ന് ജോലി ചെയ്യാൻ ഞങ്ങൾ തൊഴിലാളികൾ റോബോട്ടുകളല്ല’- വിജി പിയുമായുള്ള അഭിമുഖം

മുഖ്യധാര തൊഴിലാളി പ്രസ്ഥാനങ്ങളും സർക്കാരും പുച്ഛിച്ചു തള്ളിയ സമരമുഖങ്ങളായിരുന്നു പോരാട്ട നായിക വിജി പിയുടെ നേതൃത്വത്തിൽ നടന്ന ഇരിപ്പു സമരവും മൂത്രപ്പുര സമരവുമെല്ലാം. കോഴിക്കോട് മിട്ടായിത്തെരുവിലെ തൊഴിലാളികൾക്ക് വേണ്ടിയായിരുന്നു വിജിയുടെ ശബ്ദം ഗർജ്ജനമായി മുഴങ്ങിയിരുന്നതെങ്കിലും സമരം കേരളം മുഴുവൻ പടർന്നു പന്തലിച്ചപ്പോൾ ഇരിക്കാനുള്ള അവകാശത്തിനുമേൽ പച്ചക്കൊടി പാറിച്ചു കൊണ്ട് സംസ്ഥാനസർക്കാർ നിയമം കൊണ്ട് വന്നു. മുതലാളിമാരുടെ അടിമകളാണ് തൊഴിലാളികളെങ്കില്‍ ആ അടിമത്വത്തിനുമേല്‍ 'കസേര'യിട്ടുകൊണ്ടായിരുന്നു വിജി പ്രതിഷേധിച്ചത്. പെമ്പിളൈ ഒരുമൈ, കല്ല്യാണ്‍ സാരി സമരം, കൂപ്പണ്‍ മാള്‍ സമരം, കൂടം കുളം ആണവ വിരുദ്ധ സമരം, എന്നീ പ്രശസ്ത സമരങ്ങളെല്ലാം വിജിയുടെ നേത്രത്വത്തിലായിരുന്നു. കാലിനടിയിലെ മണ്ണൊലിച്ചു പോവുമ്പോഴാണ് ഏതൊരാളും വിപ്ലവകാരിയായി മാറുന്നത് എന്ന സത്യം മുൻനിർത്തി തയ്യൽ തൊഴിലാളിയിൽ നിന്നും സമരമുറകളിലൂടെ സ്ത്രീ ശബ്ദമായി മാറിയ വ്യക്തിത്വമാണ് വിജി പി. ബിബിസിയുടെ ലോകത്തെ സ്വാധീനിച്ച നൂറു വനിതകളിൽ ഇന്ത്യയില്‍ നിന്നുള്ളത് മൂന്നു പേര്‍. അതില്‍ എഴുപത്തിമൂന്നാമത് സ്ഥാനം സ്വന്തമാക്കിയ വിജി പെൺകൂട്ടുമായുള്ള അഭിമുഖം.

രാവിലെ ഒൻപത് മണിമുതൽ രാത്രി ഏഴുമണി വരെ നിന്ന് ജോലി ചെയ്യാൻ ഞങ്ങൾ തൊഴിലാളികൾ റോബോട്ടുകളല്ല’- വിജി പിയുമായുള്ള അഭിമുഖം

ലോകത്തിലെ കരുത്തുറ്റ വനിതകളിൽ ഒരാൾ എന്ന ബഹുമതിയും ഇപ്പോൾ വിജിയിൽ എത്തിച്ചേർന്നിരിക്കിന്നു. പെൺകൂട്ടിൽ നിന്നുള്ള ഈ യാത്രയിൽ എന്ത് തോന്നുന്നു.?

ഒരുപാട് സന്തോഷം ഉണ്ട്. ബി.ബി.സിയെ പോലുള്ള ഒരു മാധ്യമം എന്നെയൊക്കെ ശ്രദ്ധിക്കുന്നു എന്നറിയുന്നതിൽ തന്നെ സന്തോഷം. എങ്കിലും അംഗീകാരത്തിനപ്പുറം കൂടെ പ്രവർത്തിക്കാൻ ആരെങ്കിലും വരുമ്പോഴാണ് സംതൃപ്തി ഉണ്ടാവുന്നത്. പെൺകൂട്ടിനൊപ്പമുള്ള ഈ യാത്രയിലും ഞാൻ അതുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

പെൺകൂട്ട് എന്ന സംഘടനയുടെ രൂപീകരണം എങ്ങനെയായിരുന്നു. ഇതിന്റെ കാരണങ്ങൾ?

നേരത്തെ പറഞ്ഞപോലെ ഒരു ജനതയുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് കണ്ടപ്പോൾ നിർബന്ധപൂർവം രൂപീകരിക്കേണ്ടി വന്ന സംഘടനയാണ് പെൺകൂട്ട്. ഞാനടക്കമുള്ള സ്ത്രീകൾക്ക് ജോലിസമയം മൂത്രമൊഴിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. എല്ലായ്പ്പോഴും രാവിലെ ജോലിക്ക് വന്ന് തിരിച്ചു വീട്ടിൽ എത്തിയ ശേഷമായിരുന്നു ഞങ്ങൾ മൂത്രമൊഴിച്ചിരുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ കൂടി വന്നപ്പോഴാണ് ഞങ്ങൾ പെൺകൂട്ട് രൂപീകരിക്കുന്നത്.

ഇത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത് ഏത് രീതിയിലാണ്? നേരിട്ട് സമരമുഖത്തേക്ക് നീങ്ങാറാണോ പതിവ്?

സമവായ ചർച്ചകൾ എല്ലാ സമരങ്ങൾക്കു മുൻപും നടക്കാറുണ്ടല്ലോ. അവകാശങ്ങൾ ലംഘിക്കപ്പെടുകയാണ് എന്ന് മനസ്സിലാക്കിത്തുടങ്ങിയപ്പോൾ ഞങ്ങൾ മുതലാളിമാരെ നേരിട്ട് കാണുകയാണ് ചെയ്തത്. എന്നിട്ട് തൊഴിലാളികൾക്ക് ഇരിക്കാനും മൂത്രമൊഴിക്കാനും വേണ്ട സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ, ഇതൊക്കെ ജോലിയുടെ ഭാഗമാണ്, നിങ്ങൾ ഇതനുഭവിക്കണം എന്ന് ആവർത്തിച്ചു തുടങ്ങിയപ്പോഴാണ് സമര രംഗത്തേക്ക് ഇറങ്ങിയത്. ഇരിക്കൽ സമരം മാത്രമല്ല, കൂപ്പൺമോൾ സമരവും കല്യാൺസാരി സമരവും ഒക്കെ ഉണ്ടായത് ഇങ്ങനെ തന്നെയാണ്.

ഒരു തയ്യൽ തൊഴിലാളി ഒരു വിഭാഗത്തിന്റെ ശബ്ദമായി തുടങ്ങിയതിനു എന്തെങ്കിലും പ്രത്യേക കാരണങ്ങളുണ്ടോ?

തീർച്ചയായും അനുഭവങ്ങൾ തന്നെയാണ് എന്റെയും വെളിച്ചം. അച്ഛനും അമ്മയും മൂന്നു മക്കളും ഉള്ളതായിരുന്നു എന്റെ കുടുംബം. അച്ഛൻ മദ്യപിക്കുമായിരുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ എന്നും വഴക്കും അടിയുമൊക്കെ പതിവായിരുന്നു. ഈ കലാപരിപാടി തുടർന്നുകൊണ്ടിരിക്കുന്ന സമയത്താണ് സംഘടനാ പ്രവർത്തനവുമായി അജിതേച്ചി (അന്വേഷി അജിത ) വീട്ടിൽ എത്തുന്നത്. പിന്നെ അജിതേച്ചി ഇടപെട്ടു തുടങ്ങിയപ്പോഴാണ് വീട്ടിലെ പ്രശ്നങ്ങളൊക്കെ ഒതുങ്ങി തുടങ്ങിയത്. ചുരുക്കത്തിൽ അജിതേച്ചിയും അനുഭവങ്ങളുമൊക്കെ തന്നെയാണ് ഇപ്പോഴുള്ള എന്നെ രൂപപ്പെടുത്തിയത്.

ഒരു പരാതിയുമായി ചെല്ലുമ്പോഴുള്ള കടയുടമകളുടെ സമീപനം എങ്ങനെയായിരുന്നു. എല്ലാവർക്കും പ്രതികരിക്കുന്നവരെല്ലാം ശത്രുക്കളാണല്ലോ?

നല്ല രീതിയിൽ ഞങ്ങളുമായി സഹകരിച്ച ഒരുപാട് പേരുണ്ട്. ഇതേ സമയം ഞങ്ങളെ കളിയാക്കിചിരിച്ചവരും ഉണ്ട്. പലപ്പോഴും അറയ്ക്കുന്ന വാക്കുകളാണവർ പറഞ്ഞു കൊണ്ടിരുന്നത്. തൊഴിലാളികൾക്ക് ബാത്റൂം നിർമ്മിക്കണം എന്ന് പറഞ്ഞപ്പോൾ നാപ്കിൻ ഉപയോഗിക്കാൻ പറഞ്ഞ മുതലാളിമാരും ഉണ്ട്.

പെൺകൂട്ടും അസംഘടിത മേഖലാ തൊഴിലാളി യൂണിയനും ഒരേ ലക്ഷ്യബോധത്തിലൂടെ പ്രവർത്തിക്കുന്ന സംഘടനയാണോ?

തൊഴിലാളി പ്രശ്നങ്ങളിൽ ഇടപെടാൻ യൂണിയൻ വേണമെന്ന സാഹചര്യത്തിലാണ് AMTU രൂപീകരിക്കുന്നത്. ലിംഗഭേദമന്യേ പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്. പെൺകൂട്ട് എന്നത് സ്ത്രീപക്ഷ രാഷ്ട്രീയവുമായി പ്രവർത്തിക്കുന്ന ഒന്നാണ്. ഇവിടെ സ്ത്രീകൾക്കാണ് പ്രാധാന്യം.

രാവിലെ ഒൻപത് മണിമുതൽ രാത്രി ഏഴുമണി വരെ നിന്ന് ജോലി ചെയ്യാൻ ഞങ്ങൾ തൊഴിലാളികൾ റോബോട്ടുകളല്ല’- വിജി പിയുമായുള്ള അഭിമുഖം

തലയിൽ കസേര ഏറ്റി കൊണ്ടായിരുന്നല്ലോ ഇരിപ്പു സമരം. ജനശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി തന്നെയായിരുന്നോ ഇങ്ങനെയൊരു മുന്നേറ്റം?

ഞങ്ങൾ കസേര തലയിൽ ഏറ്റി കൊണ്ടു നടക്കുമ്പോൾ കസേര ഇരിക്കാനുള്ളതല്ലേ എന്ന് എല്ലാർക്കും തോന്നും. ആ തോന്നൽ ഉണ്ടാവാൻ വേണ്ടി തന്നെയാണ് അങ്ങനെ ചെയ്തതും. ഐതിഹാസികമായ ഈ സമരത്തില്‍ ഫലം കാണുകയും ചെയ്തു. രാവിലെ 9 മുതൽ വൈകീട്ട് 7 വരെ നിന്ന് ജോലി ചെയ്യുന്നവരാണ് ടെക്‌സ്‌റ്റൈൽസ് മേഖലയിലെ തൊഴിലാളികൾ . ഇവരും മനുഷ്യരാണെന്ന പരിഗണന നൽകണം.രാവിലെ ഒൻപത് മണിമുതൽ രാത്രി ഏഴുമണി വരെ നിന്ന് ജോലി ചെയ്യാൻ ഞങ്ങൾ തൊഴിലാളികൾ റോബോട്ടുകളല്ല. ഇതുകൊണ്ട് തന്നെയാണ് സമരവുമായി മുന്നോട്ട് പോയതും അനുകൂലമായ നിയമം കൊണ്ടുവരാൻ സാധിച്ചതും.

മുഖ്യധാരയിൽ നിന്നും സ്ത്രീകളെ മാറ്റി നിർത്തുന്നുണ്ട്. ശബരിമല അതിനൊരു വലിയ ഉദാഹരണം തന്നെയാണ്. ഇതിനോടുള്ള 'പെൺകൂട്ട് വിജി' യുടെ നിലപാട് എന്താണ്?

സുപ്രീം കോടതി വിധി വന്നതുകൊണ്ട് മാത്രം ശബരിമലയിൽ പോവാൻ താൽപര്യപ്പെടുന്ന ഒരാളല്ല ഞാൻ. ആർത്തവം ഉണ്ടാവുന്നത് ഞങ്ങളുടെ കുറ്റമല്ല. അയ്യപ്പൻ ദൈവമാണെങ്കിൽ ആ അയ്യപ്പനെ സംരക്ഷിക്കാൻ ഇവിടെയുള്ളോർ അടിയുണ്ടാക്കുന്നതെന്തിനാണെന്ന് അറിയില്ല. ഇതൊക്കെ രാഷ്ട്രീയ കളിയാണ്. സ്ത്രീക്ക് ആർത്തവമുള്ളത് കൊണ്ട് ശബരിമലയിൽ പോവേണ്ട എന്ന് പറയുന്നവരോട്, ദൈവം സ്ത്രീകൾക്ക് അങ്ങനെയൊരു വിവേചനം കല്‍പ്പിച്ചിട്ടില്ല എന്നേ പറയാനുള്ളൂ.

ഇരിപ്പു സമരം കൊണ്ടോ മൂത്രപ്പുര സമരം കൊണ്ടോ മാത്രം തീരുന്നതാണോ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ?

ഒരിക്കലും അല്ല. സ്ത്രീകൾ ആരും തന്നെ ഇതിനെക്കുറിച്ചു ബോധവാന്മാരല്ല എന്നത് തന്നെയാണ് ഇതിന് കാരണം. പല പ്രശ്നങ്ങളിലും പെൺകൂട്ട് ഇടപെട്ട് തുടങ്ങിയപ്പോഴാണ് അവകാശങ്ങൾ ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന സത്യം അവർ തിരിച്ചറിയുന്നത്. മൗലികാവകാശങ്ങൾ ഓരോരുത്തരും തിരിച്ചറിയുന്നത് വരെ ഈ പ്രശ്നങ്ങൾ തുടർന്നു കൊണ്ടിരിക്കും. എന്തൊക്കെയായാലും പെൺകൂട്ട് എന്നും ഇവർക്കൊപ്പമുണ്ടാവും.