LiveTV

Live

Kerala

ജലസേചന പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയ കര്‍ഷകര്‍ വലയുന്നു

മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അനുമതി നല്‍കാ‍നാവില്ലെന്നാണ് വനം വകുപ്പിന്‍റെ നിലപാട്.

ജലസേചന പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയ കര്‍ഷകര്‍ വലയുന്നു

കോഴിക്കോട് പെരുവണ്ണാമൂഴി അണക്കെട്ടിനായി സ്ഥലം വിട്ട് നല്‍കിയതിന് പകരമായി സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ മരം മുറിക്കാനാകാതെ കര്‍ഷകര്‍.‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അനുമതി നല്‍കാ‍നാവില്ലെന്നാണ് വനം വകുപ്പിന്‍റെ നിലപാട്. എന്നാല്‍ ഈ കര്‍ഷകരുടെ ഭൂമി സംബന്ധിച്ച് യാതൊരു പ്രശ്നവുമില്ലെന്നാണ് റവന്യു വകുപ്പ് പറയുന്നത്.

വീട്ടിലേക്ക് ചാഞ്ഞ തേക്കുമരം മുറിക്കാനായി വനം വകുപ്പിന്‍റെ അനുമതി തേടി ജോസഫ് നടന്നത് മാസങ്ങളാണ്. കനത്ത കാറ്റില്‍ തേക്ക് നിലം പതിക്കുമെന്നായപ്പോള്‍ മരം മുറിച്ചു മാറ്റി. എന്നാല്‍ ഈ തടി ഇവിടെ നിന്നും എടുത്തുമാറ്റാന്‍ ജോസഫിനായിട്ടില്ല. വനം വകുപ്പിന്‍റെ അനുമതിയില്ലാത്തതിനാല്‍ കേസാകുമെന്ന ഭീതിയിലാണ് ഈ കര്‍ഷകന്‍.

ഇങ്ങനെ 250ഓളം കുടുംബങ്ങളാണ് പെരുവണ്ണാമൂഴിയിലുള്ളത്. കുറ്റ്യാടി ജലസേചന പദ്ധതിക്കായി കണ്ണായ സ്ഥലം വിട്ടു കൊടുത്ത് സര്‍ക്കാര്‍ നല്‍കിയ സ്ഥലത്തേക്ക് താമസം മാറിയവരാണിവര്‍ .തറ വിലയും മരവിലയും അടച്ചാണ് ഈ സ്ഥലം ഇവര്‍ക്ക് സര്‍ക്കാര്‍ കൈമാറിയത്. എന്നാല്‍ പട്ടയം ഇല്ലെന്ന കാരണം പറഞ്ഞ് കഴിഞ്ഞ വര്‍ഷം മുതല്‍ മരം മുറിക്കുന്നതിനുള്ള അനുമതി വനം വകുപ്പ് നിഷേധിച്ചു.

സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയില്‍ കര്‍ഷകര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നാണ് റവന്യു വകുപ്പ് പറയുന്നത്. എന്നാല്‍ മരം വിറ്റ് കടം വീട്ടാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഇവിടത്തെ കര്‍ഷകര്‍.