LiveTV

Live

Kerala

ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ ചെലവ് കൂടി സര്‍ക്കാര്‍ വഹിക്കണമെന്ന്  പി.എസ്.സി ചെയര്‍മാന്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് വിചിത്ര ആവശ്യവുമായി പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ ചെലവ് കൂടി സര്‍ക്കാര്‍ വഹിക്കണമെന്ന്  പി.എസ്.സി ചെയര്‍മാന്‍

ഔദ്യോഗിക യാത്രകളില്‍ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് കൂടി സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യവുമായി പി.എസ്.സി ചെയര്‍മാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറി സര്‍ക്കാരിന് കത്തയച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ഈ രീതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയര്‍മാന്‍ എം.കെ സക്കീറിന്റെ നീക്കം.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് വിചിത്ര ആവശ്യവുമായി പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന പി.എസ്‌.സി അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനവും അതോടനുബന്ധിച്ചുള്ള സ്റ്റാന്റിങ് കമ്മിറ്റി യോഗങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നടക്കുമ്പോൾ അതിൽ പങ്കെടുക്കാൻ ജീവിത പങ്കാളിക്കും ക്ഷണമുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ പി.എസ്‌.സി അധ്യക്ഷനെ ഔദ്യോഗിക യാത്രകളിൽ അനുഗമിക്കുന്ന ജീവിത പങ്കാളിയുടെ യാത്രാച്ചെലവ് സർക്കാരാണ് വഹിക്കുന്നത്. എന്നാൽ കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഭാര്യയുടെ യാത്രാച്ചെലവ് അനുവദിച്ച് സർക്കാർ ഉത്തരവുകളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ഇക്കാര്യമാണ് പ്രധാനമായും പി.എസ്.സി സെക്രട്ടറി സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നത്.

നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും, ഐ.എ.എസ്. ജീവനക്കാരുടേതിന് തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി.എയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ ചെലവ് കൂടി സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യം എം.കെ സക്കീര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ മാസം എട്ടിനാണ് പി.എസ്.സി സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്തയച്ചത്. സെക്രട്ടറി നല്‍കിയ കത്തിന്മേല്‍ പൊതുഭരണ വകുപ്പ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.