LiveTV

Live

Kerala

വളാഞ്ചേരി പീഡനം; പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവിനെതിരെയും പോക്സോ കേസ്

കേസില്‍ പ്രതിയായ വളാഞ്ചേരി നഗരസഭ എല്‍.ഡി.എഫ് കൌണ്‍സിലര്‍ക്കെതിരെയും പോക്സോ ചുമത്തിയിരുന്നു.

വളാഞ്ചേരി പീഡനം; പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവിനെതിരെയും പോക്സോ കേസ്

വളാഞ്ചേരി പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവിനെതിരെയും പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കേസില്‍ പ്രതിയായ വളാഞ്ചേരി നഗരസഭ എല്‍.ഡി.എഫ് കൌണ്‍സിലര്‍ക്കെതിരെയും പോക്സോ ചുമത്തിയിരുന്നു.മന്ത്രി കെ.ടി ജലീൽ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ ജലീലിന്റെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും.

പീഡനത്തിനിരയായ പതിനാറുകാരിക്ക് ചൈൽഡ് ലൈൻ പ്രവർത്തകരും നിർഭയ ഹോമിലെ കൗൺസിലർമാരും ചേർന്ന് നടത്തിയ തുടർ കൗൺസിലിങ്ങിലാണ്, സഹോദരി ഭർത്താവിനെതിരെയും ആരോപണമുണ്ടായത്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് സഹോദരി ഭർത്താവിൽനിന്ന് പീഡനശ്രമം ഉണ്ടായെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതനുസരിച്ച് കേസന്വേഷണം നടത്തുന്ന വളാഞ്ചേരി പോലീസ് ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. നേരത്തെ നിരവധി തവണ തന്നെ പീഡിപ്പിച്ചു എന്ന ആരോപണത്തിൽ വളാഞ്ചേരി നഗരസഭ കൗൺസിലർ ഷംസുദ്ദീനെതിരെയും പൊലീസ് കേസെടുത്തിരുന്നു. വിദേശത്തുള്ള പ്രതിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നുവെങ്കിലും ഇയാളെ ഇത് വരെയും പിടികൂടാനായിട്ടില്ല.

അതേസമയം കൗൺസിലർ ഷംസുദ്ദീനെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി കെ ടി ജലീൽ സ്വീകരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തിൽ ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ജലീലിന്റെ വസതിയിലേക്ക് യുഡിഎഫ് യുവജനവിഭാഗം പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 10 മണിക്ക് നടക്കുന്ന മാർച്ചിൽ കെ.എം ഷാജി, വി.ടി ബൽറാം ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.