LiveTV

Live

Kerala

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനം തുടരുന്നു

റോട്ടർഡാം തുറമുഖവും വാഗ്‌നിൻഗെൻ സർവകലാശാലയുടെ പരീക്ഷണകേന്ദ്രവും മുഖ്യമന്ത്രി ഇന്നലെ സന്ദർശിച്ചിരുന്നു

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനം തുടരുന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍റെ യൂറോപ്യന്‍ സന്ദര്‍ശനം തുടരുന്നു. റോട്ടർഡാം തുറമുഖവും, നെതര്‍ലാന്‍റ്സിലെ സർവകലാശാലയുടെ പരീക്ഷണകേന്ദ്രവും മുഖ്യമന്ത്രി സന്ദർശിച്ചു. കേരളവുമായി സഹകരണത്തിന് സാധ്യതയുള്ള മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

ഒരാഴ്ചയിലേറെ നീളുന്ന സന്ദര്‍ശനത്തിനായി യൂറോപ്പിലെത്തിയ മുഖ്യമന്ത്രി നെതര്‍ലാന്റിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. റോട്ടർഡാം തുറമുഖവും വാഗ്‌നിൻഗെൻ സർവകലാശാലയുടെ പരീക്ഷണകേന്ദ്രവും മുഖ്യമന്ത്രി ഇന്നലെ സന്ദർശിച്ചു. റോട്ടർഡാം തുറമുഖത്തിലെ പ്രോഗ്രാം മാനേജർ എഡ്‌വിൻ വാൻ എസ്‌പെൻ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

ഉൾനാടൻ ജലഗതാഗതസംവിധാനം, വെള്ളപ്പൊക്ക നിയന്ത്രണം, ജല മാനേജ്‌മെൻറ്, ചരക്കുനീക്കം തുടങ്ങിയ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടന്നു. തുറമുഖസംബന്ധ വ്യവസായങ്ങളിലെ പ്രമുഖ ഡച്ച് കമ്പനി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. 460 മില്യൻ ടൺ വാർഷിക ചരക്കുനീക്കമുള്ള റോട്ടർഡാം തുറമുഖം യൂറോപ്പിലെ ഏറ്റവും വലിയതും ലോകത്തെ മുൻനിര തുറമുഖങ്ങളിലൊന്നുമാണ്.

വെസ്റ്റ്മാസിലുള്ള വാഗ്‌നിൻഗെൻ സർവകലാശാലയുടെ കാർഷിക ഗവേഷണ പരീക്ഷണകേന്ദ്രത്തിലെത്തിയ മുഖ്യമന്ത്രി കേരളവുമായി സഹകരണത്തിന് സാധ്യതയുള്ള മേഖലകളെ കുറിച്ച് അധികൃതരുമായി സംസാരിച്ചു. പ്രിസിഷൻ ഫാർമിംഗ്, വിള വൈവിധ്യവത്കരണം, കോൾഡ് സ്‌റ്റോറേജ്, കടൽ നിരപ്പിന് താഴെയുള്ള കൃഷിയും കുട്ടനാട്ടിലെ ഉപ്പുവെള്ളത്തിലെ കൃഷിയും, അടക്കമുള്ള വിഷയങ്ങളില്‍ ചർച്ച നടത്തി.

ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, നെതലാൻഡ്‌സിലെ ഇന്ത്യൻ അമ്പാസഡർ വേണു രാജാമണി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.