LiveTV

Live

Kerala

സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം; ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശൈലജ

കേരളത്തിലെ കുട്ടികള്‍ക്ക് മതിയായ അവസരം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു

സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം; ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശൈലജ

സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകളുമായി ചര്‍ച്ചക്ക് തയാറാണെന്ന് മന്ത്രി കെ.കെ ശൈലജ. ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കോടതിവിധിക്കനുസരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണറുടെ സൈറ്റ് പരിഷ്കരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

സ്വാശ്രയ കോളജികളിലെ മുഴുവന്‍ മാനേജ്മെന്റ് സീറ്റും കേരളത്തിലെ വിദ്യാര്‍‍ഥികള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥക്കെതിരെ മാനേജ്മെന്റ് നല്‍കിയ ഹരജിയിലാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി വിധിയുണ്ടായത്. പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കിയതോടെ സ്വാശ്രയ കോളജുകളുടെമേല്‍ സര്‍ക്കാറിന് നിയന്ത്രണാധികാരം കൈവന്നിരുന്നു. ഇത് മറികടക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അവസരം നല്‍കുന്നതാണ് പുതിയ വിധി. കേരളത്തിലെ കുട്ടികള്‍ക്ക് മതിയായ അവസരം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്വാട്ട വേണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം നേരത്തെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞതാണ്. സുപ്രിം കോടതി വിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയമോപദേശം തേടി. ഇതര സംസ്ഥാന വിദ്യാര്‍ഥികളുടെ ഫീസ് നിര്‍ണയത്തില്‍ കൂടുതല്‍ അധികാരം ലഭിച്ചക്കുമെന്നാണ് മാനേജ്മെന്റുകള്‍ കരുതുന്നത്. പ്രത്യേക ക്വാട്ട ആവശ്യപ്പെട്ട് മാനേജ്മെന്റുകള്‍ വീണ്ടും കോടതിയെ സമീപിക്കാനുമിടയുണ്ട്. നിലിവലെ കോടതിവിധിയോടെ ഫീസ് നിര്‍ണയം അടക്കമുള്ള നടപടികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍.