LiveTV

Live

Kerala

ചൂര്‍ണ്ണിക്കര വ്യാജരേഖ കേസ്; പ്രതികളെ റിമാൻഡ് ചെയ്തു

ഭൂമി ഇടപാടിലെ ഇടനിലക്കാരനായ അബു ,ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസിലെ ജീവനക്കാരനായ അരുൺ കുമാർ എന്നിവരെയാണ് പറവൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത് . 

 ചൂര്‍ണ്ണിക്കര വ്യാജരേഖ കേസ്; പ്രതികളെ റിമാൻഡ് ചെയ്തു

ചൂർണിക്കര നിലംനികത്തൽ കേസിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഭൂമി ഇടപാടിലെ ഇടനിലക്കാരനായ അബു ,ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസിലെ ജീവനക്കാരനായ അരുൺ കുമാർ എന്നിവരെയാണ് പറവൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത് . കേസില്‍ പൊലീസിന്റെയും വിജിലൻസിന്റെയും അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

നിലം നികത്തൽ കേസിൽ ഇടനിലക്കാരനായ അബുവിനു പുറമെ അരുൺ കുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ഇന്നലെയാണ് ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ അബുവിന് വ്യാജ രേഖ നിർമ്മിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തത് താനാണെന്ന് അരുൺകുമാർ മൊഴി നൽകിയിരുന്നു . മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു, തുടർന്ന് അരുൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ഇന്നലെ രാത്രിയോടെ പറവൂർ ഫസ്റ്റ് മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിച്ചെങ്കിലും കോടതി നിരസിച്ചു. തുടർന്നാണ് ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാൻഡിൽ വിട്ടത് . എന്നാൽ പ്രധാന പ്രതികളെ കണ്ടെത്താനും കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവരാനായതിന്റെയും ആശ്വാസത്തിലാണ് പൊലീസ് . അതേസമയം മുഖ്യ പ്രതികളെ റിമാൻഡ് ചെയ്ത സാഹചര്യത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.