LiveTV

Live

Kerala

വാളയാര്‍ പീഡനകേസില്‍ പ്രതികള്‍ക്കായി ഹാജരാവുന്നത് സി.ഡബ്യു.സി ചെയര്‍മാന്‍ 

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി മന്ത്രി കെ.കെ ശൈലജ മീഡിയവണ്ണിനോട് പറഞ്ഞു.

വാളയാര്‍ പീഡനകേസില്‍ പ്രതികള്‍ക്കായി ഹാജരാവുന്നത് സി.ഡബ്യു.സി ചെയര്‍മാന്‍ 

വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികള്‍ക്കായി കോടതിയില്‍ ഹാജരായത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍. പാലക്കാട് സി.ഡബ്യു.സി ചെയര്‍മാന്‍ അഡ്വ. എന്‍ രാജേഷാണ് കഴിഞ്ഞ മെയ് 2,3 തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ വിസ്താരത്തിനായി കോടതിയില്‍ ഹാജരായത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി മന്ത്രി കെ.കെ ശൈലജ മീഡിയവണ്ണിനോട് പറഞ്ഞു.

2017 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് നാല്‍പത് ദിവസത്തെ ഇടവേളയില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ ആത്മഹത്യ ചെയ്തത്. ഈ പെണ്‍കുട്ടികളുടെ അയല്‍വാസിയായ പ്രദീപ്കുമാര്‍ രണ്ട് കേസിലും പ്രതിയാണ്. ഈ കേസില്‍ പ്രദീപ് കുമാറിന് വേണ്ടി വക്കാലത്തെടുത്ത അ‍ഡ്വ. എന്‍ രാജേഷിനെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ പാലക്കാട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായി നിയമിച്ചത്. പോക്സോ കേസിലെ പ്രതികളുടെ അഭിഭാഷകനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ട് മഹിളാ സമഖ്യ, സാമൂഹിക നീതി വകുപ്പിന് കത്തയച്ചിരുന്നു.

സി.ഡബ്യു.സി ചെയര്‍മാനായി ചുമതലയേറ്റ ശേഷം വക്കാലത്ത് തന്‍റെ ജൂനിയറിന് കൈമാറിയാണ് അ‍ഡ്വ. എന്‍ രാജേഷ് കേസില്‍ കോടതിയില്‍ ഹാജരായത്. കേസിലെ അന്വേഷണോദ്യോഗസ്ഥരായ ഡിവൈഎസ്പി എംജെ സോജന്‍, എസ്ഐ പി സി ചാക്കോ എന്നിവരെയാണ് കഴിഞ്ഞ 2, 3 തീയതികളില്‍ അഡ്വ. എന്‍ രാജേഷ് വിസ്തരിച്ചത്. എന്നാല്‍, താന്‍ കേസില്‍ ഹാജരായിട്ടില്ലെന്നും കഴിഞ്ഞ മാര്‍ച്ചില്‍ താന്‍ വക്കാലത്തൊഴിഞ്ഞുവെന്നുമാണ് അഡ്വ. രാജേഷിന്‍റെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി മന്ത്രി കെ.കെ ശൈലജ മീഡിയവണിനോട് പറഞ്ഞു.