LiveTV

Live

Kerala

പി.വി അന്‍വറിനെതിരായ നടപടി ആവശ്യം തള്ളി സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ്

സി.പി.എം തന്നെ അന്‍വറിനെ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്നാണ് നേതൃയോഗത്തിലുണ്ടായ ധാരണ

പി.വി അന്‍വറിനെതിരായ നടപടി ആവശ്യം തള്ളി സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ്

പി.വി അന്‍വറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണമെന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആവശ്യം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് തള്ളി. സി.പി.എം തന്നെ അന്‍വറിനെ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്നാണ് സി.പി.ഐ നേതൃയോഗത്തിലുണ്ടായ ധാരണ. വയനാട് ഒഴികെ സി.പി.ഐ മത്സരിച്ച മൂന്ന് സിറ്റുകളിലും വിജയ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി.

വയനാട്ടിലെ ഇടത് സ്ഥാനാര്‍ഥി പി.പി സുനീര്‍ മുസ്‍ലിം ലീഗില്‍ ചേരും. പൊന്നാനിയിലെ പ്രചരണ രംഗത്ത് സി.പി.ഐ സജീവമായിരിന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് പി.വി അന്‍വര്‍ എം.എല്‍.എ ഉന്നയിച്ചത്. ഇതിനെതിരെ സി.പി.ഐ മലപ്പുറം ജില്ലാ നേതൃത്വം രംഗത്ത് വരുകയും, പി.വി അന്‍വറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണമെന്നാവശ്യം മുന്നോട്ട് വയ്ക്കുകയും ചെയ്തത്.

എന്നാല്‍ ഇന്ന് ചേര്‍ന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് മലപ്പുറം ജില്ലാകമ്മിറ്റിയുടെ ആവശ്യം തള്ളക്കളഞ്ഞു. സി.പി.എം നേതൃത്വം തന്നെ പി.വി അന്‍വറിന്‍റെ വാക്കുകളെ തള്ളിപ്പറയുകയും, അന്‍വറിന്‍റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പറയുകയും ചെയ്ത സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വേണ്ടെന്നാണ് സി.പി.ഐ തീരുമാനം.

അതേസമയം തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ നേതൃയോഗമായത് കൊണ്ട് പോളിങ് വിലയിരുത്തലുകള്‍ യോഗത്തിലുണ്ടായി. വയനാട് ഒഴികെ മൂന്ന് സിറ്റുകളിലും വിജയസാധ്യതയുണ്ടെന്നാണ് യോഗം വിലയിരുത്തിയത്. തിരുവനന്തപുരത്ത് നേരിയ മാര്‍ജിനില്‍ ആണെങ്കിലും വിജയിക്കും. മാവേലിക്കരയില്‍ മികച്ച പോരാട്ടമാണ് നടന്നത്. ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായിട്ട് പോയിട്ടുണ്ടെങ്കിലും അതിനെ മറികടന്ന് ചിറ്റയം ഗോപകുമാര്‍ ജയിക്കുമെന്നാണ് സി.പി.ഐ കണക്ക് കൂട്ടല്‍.

തൃശ്ശൂരിലെ ശക്തമായ തൃകോണമത്സരത്തില്‍ രാജാജി മികച്ച വിജയം നേടുമെന്നും എക്സിക്യൂട്ടീവ് വിലയരിത്തി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പിറ്റേ ദിവസം വീണ്ടും നേതൃയോംഗ ചേരും.