LiveTV

Live

Kerala

പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദം ക്രെെംബ്രാഞ്ച് അന്വേഷിക്കും

പൊലീസ് അസോസിയേന് സംഭവത്തില്‍ പങ്കുണ്ടെന്നാണ് തോന്നുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ

പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദം ക്രെെംബ്രാഞ്ച് അന്വേഷിക്കും

പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഡി.ജി.പി ക്രൈം ബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്‍കി. അന്വേഷണത്തിന് ശേഷം വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ പറഞ്ഞു.

വിവാദവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ട് ശുപാർശ സഹിതം സംസ്ഥാന പോലീസ് മേധാവി ചീഫ് ഇലക്ടറൽ ഓഫീസർക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് അദ്ദേഹം അംഗീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കും.

പത്മനാഭ ക്ഷേത്രത്തിലെ കമാന്‍റോ വൈശാഖ്, ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ പൊലീസുകാരായ അരുണ്‍ മോഹന്‍, രതീഷ് രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവരെയാണ് നിലവില്‍ കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്. അതേസമയം പൊലീസ് അസോസിയേന് സംഭവത്തില്‍ പങ്കുണ്ടെന്നാണ് തോന്നുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ പറഞ്ഞു. ഇത് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

പോസ്റ്റല്‍ വോട്ട് സമാഹരിക്കാന്‍ ആഹ്വാനം ചെയ്ത വൈശാഖ് പൊലീസ് അസോസിയേഷന്‍റെ സംസ്ഥാന നേതാവിന്‍റെ ബന്ധുവാണ്. പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ പേര് പരമാര്‍ശിച്ചില്ലെങ്കിലും ഇവരിലേക്ക് വിരല്‍ ചൂണ്ടുന്ന റിപ്പോര്‍ട്ടാണ് നേരത്തെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയത്. ഇതിന്‍റെ ചുവട് പിടിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം മുന്നോട്ട് പോകുമോ എന്നത് കണ്ടറിയേണ്ടി വരും.