LiveTV

Live

Kerala

പാലാരിവട്ടം മേല്‍പ്പാലത്തില്‍ വീണ്ടും വിജിലന്‍സ് പരിശോധന

സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ നിന്ന് പാലത്തിന്റെ സാംപിളുകൾ ശേഖരിച്ചു

പാലാരിവട്ടം മേല്‍പ്പാലത്തില്‍ വീണ്ടും വിജിലന്‍സ് പരിശോധന

അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേൽപ്പാലത്തിൽ വിജിലൻസ് സംഘം വീണ്ടും പരിശോധന നടത്തി. കിറ്റ് കോയുടെയും റോഡ് ആൻറ് ബ്രിഡ്ജസ് കോർപറേഷന്റെയും പ്രതിനിധികളെ വിളിച്ച് വരുത്തിയ ശേഷം പാലത്തിന്റെ സാമ്പിളുകൾ വിജിലൻസ് ശേഖരിച്ചു. പാലത്തിന്റെ ഡിസൈനിൽ തന്നെ തകരാർ സംഭവിച്ചുവെന്നും റോഡ്സ് ഫണ്ട് ബോർഡിന്റെ പണം തിരികെ പിടിക്കാൻ നിർദ്ദേശം നൽകിയെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പ്രതികരിച്ചു.

വിജിലൻസ് ഡി.വൈ.എസ്.പി ആർ അശോകിന്റെ നേതൃത്വത്തിലാണ് പാലത്തിൽ പരിശോധന നടത്തിയത്. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ നിന്ന് പാലത്തിന്റെ സാംപിളുകൾ ശേഖരിച്ചു. സിമൻറും കമ്പിയുമടക്കമുള്ള നിർമാണ സാമഗ്രികൾ നിയമപ്രകാരം ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ സാമ്പിളുകൾ വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. ഇതിന്റെ റിപ്പോർട്ടുകൾ ലഭിക്കുന്ന മുറക്ക് തുടർ നടപടികളിലേക്ക് കടക്കും. പരിശോധനക്ക് മുന്നോടിയായി പാലം നിർമാണവുമായി ബന്ധപ്പെട്ട ഫയലുകളുമായി കിറ്റ്കോയുടെയും റോഡ് ആന്റ് ബ്രിഡ്ജസ് കോർപറേഷനിലെയും ഉദ്യോഗസ്ഥരെ വിജിലൻസ് വിളിച്ചു വരുത്തിയിരുന്നു.

അതേ സമയം പാലം നിർമാണത്തിന് പണം സമാഹരിച്ചതടക്കം ശരിയായ രീതിയിലല്ലെന്ന് മന്ത്രി ജി സുധാകരൻ കുറ്റപ്പെടുത്തി. ഒരു മാസത്തിനുളളിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. പാലം പുനർനിർമാണത്തിന് 3 മാസമെങ്കിലും സമയമെടുക്കുമെന്ന് ചെന്നൈ ഐ ഐ ടി വിദഗ്ധർ റിപ്പോർട്ട് നൽകിയിരുന്നു